/sathyam/media/media_files/2024/11/23/18UrUII3ec2ZAhZgh3cN.jpg)
പാലക്കാട്:പാലക്കാട്ടെ തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ അമര്‍ഷം പുകയുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി പന്തളത്തെ ബിജെപിപ്രവര്‍ത്തകര്‍.
പന്തളം നഗരസഭയിലെ ക്ഷേമസമിതി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ സീനയുടെ ഭര്‍ത്താവ് അജിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത് ഇങ്ങനെയായിരുന്നു പാലക്കാട് കഴിഞ്ഞു ഇനി പന്തളമെന്നാണ്.
അജിയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണ നല്‍കി പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുശീലയുടെ ഭര്‍ത്താവ് സന്തോഷും രംഗത്തെത്തി. എരണം കെട്ടവന്‍ എന്ന അധിക്ഷേപത്തോടെയാണ് നഗരസഭാ ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവിന്റെ കമന്റ്.
'ഭാര്യയും ഭര്‍ത്താവും കൂടി പാലക്കാട് നശിപ്പിച്ചു. ഒരു കാലനെപ്പോല വന്നു പന്തളവും.. ഈ എരണംകെട്ടവന്‍..' എന്നായിരുന്നു സന്തോഷിന്റെ കമന്റ്. കഴിഞ്ഞദിവസം ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.
മുന്‍ ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും നോട്ടീസിനെ പിന്തുണച്ചിരുന്നു. സി കൃഷ്ണകുമാറിന് സംഘടനാ ചുമതലയുള്ള നഗരസഭയാണ് പന്തളം.
33 അംഗ കൗണ്‍സിലില്‍ ബി.ജെ.പി.-18, എല്‍.ഡി.എഫ്.-9, യു.ഡി.എഫ്.-5, സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കലംഘനം നടത്തുകയും സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാകുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നെന്ന് കാട്ടി സെപ്റ്റംബര്‍ 12-നാണ് പ്രഭയെ ബി.ജെ.പി. സംസ്ഥാന നേതൃത്വം പ്രാഥമികാംഗത്വത്തില്‍നിന്നു സസ്പെന്‍ഡുചെയ്തത്.