/sathyam/media/media_files/rTmOC5Y1qKa5PABxx5UR.jpg)
പാലക്കാട്: രണ്ട് തവണയായി മൂന്നാം സ്ഥാനത്തായി പോകുന്ന നാണക്കേട് ഒഴിവാക്കാൻ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർത്ഥിയെ അണി നിരത്താൻ സി.പി.എം. യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ കഴിയുന്ന മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കാനാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിൻെറ നിർദ്ദേശം.
ഇതനുസരിച്ച് ജില്ലാ നേതൃത്വം സ്ഥാനാർത്ഥിയെ കണ്ടെത്താനുളള അന്വേഷണം തുടങ്ങി. പാർട്ടിയിൽ നിന്ന് തന്നെയുളള സ്ഥാനാർത്ഥിയെ കണ്ടെത്തണമെന്ന് സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുളളതിനാൽ പൊതുസമ്മതിയുളള സ്വതന്ത്ര സ്ഥാനാർഥിയെ മത്സരിപ്പിക്കാനുളള നീക്കം സി.പി.എം ജില്ലാ നേതൃത്വം ഉപേക്ഷിച്ചു.
ജില്ലയിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയെ തന്നെ പാലക്കാട് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജില്ലയിൽ നിന്നുളള പ്രമുഖ നർത്തകിയും അടുത്തിടെ സിനിമയിലും നായികയായി അഭിനയിച്ച വനിതയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ നേരത്തെ നീക്കങ്ങൾ നടന്നിരുന്നു.
പാർട്ടിയിൽ നിന്നുളള സ്വതന്ത്ര സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ തീരുമാനിച്ചതോടെ നർത്തകിയെ സ്ഥാനാർത്ഥിയാക്കാനുളള നീക്കം പൂർണമായും ഉപേക്ഷിച്ചു. വിജയ സാധ്യത, തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ച ശേഷമാണ് പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സി.പി.എം പിന്നോട്ട് നീങ്ങുന്നത്.
ജില്ലയിൽ നിന്നുള്ള പാർട്ടി സ്ഥാനാർത്ഥിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണം എന്നാണ് പാർട്ടിയിലെ പൊതുവികാരം. ഇത് അനുസരിച്ചാണ് ഡി.വൈ.എഫ്.ഐ ജില്ലാ നേതാവും, ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. സഫ്ദർ ഷെരീഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ, മുൻ എം.എൽ.എ ടി.കെ. നൗഷാദ് തുടങ്ങിയവരെ സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ആകും പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ജില്ലക്ക് പുറത്തുളള രാഹുലിനെ സ്ഥാനാർത്ഥി ആക്കുന്നത് യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കുമെന്ന് സൂചനകളുണ്ട്. ഈ ഭിന്നത മുതലെടുക്കാനും ആളിക്കത്തിക്കുന്നതിനും വേണ്ടിയാണ് ജില്ലയിൽ നിന്നുളള പാർട്ടി നേതാക്കളെ തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്.
ബി.ജെ.പിയുടെ സ്ഥാനാർത്ഥിയും ജില്ലക്ക് പുറത്തുനിന്ന് ആകാൻ സാധ്യതയുളളതിനാൽ മണ്ണിൻെറ മക്കൾ വാദം പൊതു വോട്ടുകളും നേടിത്തരുമെന്നാണ് സി.പി.എമ്മിൻെറ കണക്കുകൂട്ടൽ.
എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തലിന് മറുപടിയായി ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ വി. വസീഫിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കണമെന്ന ആവശ്യവും സി.പി.എമ്മിൽ നിന്ന് ഉയരുന്നുണ്ട്. രാഷ്ട്രീയ വിവാദങ്ങളിൽ പെട്ടിരിക്കുന്ന സർക്കാരിനും പാർട്ടിക്കും പുതിയ ഊർജം പകരാൻ ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയേ മതിയാകൂ എന്ന് സി.പി.എമ്മിന് ബോധ്യമുണ്ട്.
കോൺഗ്രസ് ക്യാമ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേരിനൊപ്പം മറ്റ് പേരുകളും ഉയരുന്നുണ്ട്. മുൻ എം.എൽ.എ വി.ടി ബൽറാം, പി. സരിൻ തുടങ്ങിയവരുടെ പേരുകളാണ് കോൺഗ്രസ് ക്യാംപിൽ ഉയർന്ന് കേൾക്കുന്നത്. ശോഭ സുരേന്ദ്രനൊ, കെ. സുരേന്ദ്രനൊ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന നേതാക്കൾ മത്സരിച്ചാൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.
ബി.ജെ.പിക്ക് കൂടി സ്വാധീനമുളള മണ്ഡലമായതിനാൽ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വാശിയേറിയ ത്രികോണ മത്സരമാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതലാണ് ബി.ജെ.പി പാലക്കാട് ശക്തമായ സാന്നിധ്യമായി മാറിയത്.
ബി.ജെ.പി സ്വാധീനം വർദ്ധിച്ചതിൽ പിന്നെ പാലക്കാട് മണ്ഡലത്തിൽ സി.പി.എമ്മിന് ജയിക്കാൻ കഴിഞ്ഞിട്ടില്ല. 2006ൽ കെ.കെ. ദിവാകരനാണ് പാലക്കാട്ടെ ഒടുവിലത്തെ സി.പി.എം എം.എൽ.എ. 2011ൽ കോൺഗ്രസിലെ ഷാഫി പറമ്പിലിനോട് തോറ്റെങ്കിലും 35.82 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തെത്താൻ കെ.കെ. ദിവാകരന് കഴിഞ്ഞിരുന്നു.
എന്നാൽ 2016 ആയപ്പോഴേക്കും പാലക്കാട്ടെ വോട്ട് ചിത്രം മാറി. കടുത്ത മത്സരം ആയിരുന്നെങ്കിലും വിജയം ആവർത്തിക്കാൻ ഷാഫി പറമ്പിലിന് കഴിഞ്ഞപ്പോൾ അടിപതറിയത് സി.പി.എമ്മിനാണ്. ബി.ജെ.പി സ്ഥാനർത്ഥി ശോഭാ സുരേന്ദ്രൻ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ സി.പി.എം സ്ഥാനാർത്ഥി എൻ.എൻ. കൃഷ്ണദാസ് മൂന്നാം സ്ഥാനത്തേക്ക് വീണു.
ജയിച്ച ഷാഫി പറമ്പിൽ 41.77 ശതമാനം വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് എത്തിയ ബി.ജെ.പി 29.08 ശതമാനം വോട്ട് നേടി. മൂന്നാം സ്ഥാനത്തായിപ്പോയ എൽ.ഡി.എഫിന് 28.07 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. 2011ൽ നേടിയ 35.82 ശതമാനം വോട്ടിൽ നിന്നാണ് 2016ൽ 28.07 ശതമാനം വോട്ടിലേക്ക് കൂപ്പുകുത്തിയത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സി.പി.എം മൂന്നാംസ്ഥാനത്തായിരുന്നു.
ഹാട്രിക് വിജയം നേടിയ ഷാഫി പറമ്പിലിന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ബി.ജെ.പിയുടെ ഇ. ശ്രീധരൻ എത്തി. തുടർച്ചയായി മൂന്നാം തവണയും വിജയം നേടിയെങ്കിലും യു.ഡി.എഫിൻെറ വോട്ട് ശതമാനം 38.06 ശതമാനത്തിലേക്ക് താഴ്ന്നു. മെട്രോമാൻ ശ്രീധരൻ സ്ഥാനാർത്ഥിയായതോടെ ബി.ജെ.പിയുടെ വോട്ട് ശതമാനം കുത്തനെ ഉയർന്നു.
2016ലെ 29.08 ശതമാനത്തിൽ നിന്ന് 35.34 ശതമാനത്തിലേക്കായിരുന്നു ബി.ജെ.പിയുടെ കുതിപ്പ്. എന്നാൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി. പ്രമോദിന് 25.64 ശതമാനം വോട്ടിലേക്ക് താഴ്ന്നു. ഈ നാണക്കേട് മറികടക്കുകയാണ് ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിൻെറ ലക്ഷ്യം. സ്ഥാനാർത്ഥിയെ ചൊല്ലി ബി.ജെ.പി നേതൃത്വത്തിൽ പോര് മുറുകിയതും മണ്ഡലത്തിലെ ന്യൂനപക്ഷ സാന്നിധ്യവും എല്ലാം അനുകൂലമാകുമെന്നാണ് പ്രതീക്ഷ.