പാലക്കാട്: സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ വിവാദങ്ങള്‍ ഉണ്ടായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വിജയം ഉറപ്പിച്ചു യു.ഡി.എഫ്. ക്യാമ്പ്.
പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കിയില്ലെങ്കിലും എന്‍.ഡി.എ ക്യാമ്പും സി. കൃഷ്ണകുമാറും വിജയ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരു തവണ പോലും ലീഡിലേക്ക് ഉയരാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സരിനും സാധിച്ചിട്ടില്ല.
വോട്ടെണ്ണല്‍ പുരോഗമിക്കവെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജയം ഉറപ്പിച്ച് വിടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യവേ അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം രംഗത്തെത്തി.
മുന്‍ എംഎല്‍എ ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്.
പാലക്കാട്ടെ വോട്ടര്‍മാക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'പാലക്കാട് രാഹുല്‍ തന്നെ.
ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാവുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ നേരുകയും ചെയ്തു. കെ.പി.സി.സി. പ്രിസിഡന്റ് കെ. സുധാകരന്‍ ഇനി എണ്ണാനുള്ളത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നും വിജയം തങ്ങള്‍ക്കെന്നുമുള്ള പ്രതീക്ഷയിലാണ്.
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആദ്യ മണിക്കൂറുകളില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ മുന്നിലായിരുന്നെങ്കില്‍ പിന്നീട് രാഹുല്‍ മുന്നിലെത്തുകയായിരുന്നു. പീന്നട് കൃഷ്ണകുമാര്‍ വീണ്ടും ലീഡ് നിലയിലേക്ക് എത്തി.
പക്ഷേ, നഗരസഭയില്‍ കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനേക്കാള്‍ വോട്ടുകളുടെ കുറവാണ് കൃഷ്ണകുമാറിന് ലഭിച്ചത്. പാലക്കാട് തുടക്കത്തില്‍ ലീഡ് ബിജെപിക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് പിടിച്ചു. 1388 വോട്ടുകളുടെ ലീഡാണ് രാഹുലിനുള്ളത്. വോട്ടെണ്ണൽ എട്ടാം റൗണ്ടിലേക്ക് കടന്നു.
ബി.ജെ.പി വോട്ട് യു.ഡി.എഫിലേക്കും എല്‍.ഡി.എഫിലേക്കും പോയെങ്കിലും കോണ്‍ഗ്രസാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ബിജെപിക്ക് നഗരസഭയില്‍ വോട്ട് കുറഞ്ഞതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
കോണ്‍ഗ്രസ് വിട്ടു വന്ന പി സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയെങ്കിലും ഫല സൂചനകള്‍ അദ്ദേഹത്തിന് അനുകൂലമല്ല. ഒരു ഘട്ടത്തില്‍പോലും ലീഡ് നിലയിലേക്കെത്താന്‍ സരിന് സാധിച്ചില്ല.
അതേസമയം മുന്‍ തെരഞ്ഞെടുപ്പിലേക്കാള്‍ വോട്ട് വിഹിതം ഉയര്‍ത്താന്‍ ആദ്യ മണിക്കൂറില്‍ സരിന് കഴിഞ്ഞിട്ടുണ്ട്. എട്ടാം റൗണ്ടിനു ശേഷം നഗരപരിധിക്കു പുറത്തേക്ക് വോട്ട് എണ്ണുമ്പോൾ കോൺഗ്രസ് വോട്ടുകൾ തനിക്കു ലഭിക്കുമെന്നാണ് സരിൻ രാവിലെ പറഞ്ഞത്.