പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ ശക്തമായ ത്രികോണ മത്സരത്തെ അതിജീവിച്ച് മണ്ഡലം നിലനിര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. 18840 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുലിന്റെ ജയം. 2016 ല്‍ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം. 2016 ല്‍ 17483 വോട്ടായിരുന്നു ഷാഫിയുടെ ഭൂരിപക്ഷം.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ പോലെ തന്നെ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 39549 വോട്ട് നേടിയാണ് ബിജെപി രണ്ടാം സ്ഥാനം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് ഇത്തവണയും മൂന്നാം സ്ഥാനത്താണ്. 37293 വോട്ടാണ് ഇടത് മുന്നണിയുടെ സമ്പാദ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളേക്കാള്‍ വോട്ട് നില മെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫിനായി.
കോണ്‍ഗ്രസ് വിട്ടുവന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ പി സരിന് കൂടുതല്‍ വോട്ട് നേടാന്‍ ആയെങ്കിലും യുഡിഎഫ് തരംഗത്തില്‍ അടിപതറി.മാത്തൂര്‍ , കണ്ണാടി പഞ്ചായത്തുകള്‍ എണ്ണിയ 11,12 റൗണ്ടുകളില്‍ മാത്രമാണ് ഇടത് മുന്നണിക്ക് ലീഡ് ചെയ്യാനായത്. 11-ാം നേരിയ ലീഡ് മാത്രമായിരുന്നു. 12-ാം റൗണ്ടില്‍ 708 വോട്ടിന്റെ ലീഡാാണ് സരിന് ലഭിച്ചത്.
ബിജെപിയുടെ പ്രതീക്ഷകള്‍ തകിടമറിച്ചു കൊണ്ട് നഗരസഭാ കേന്ദ്രങ്ങളില്‍ വരെ ഇടയ്ക്ക് ലീഡ് നേടിയ രാഹുല്‍ , വോട്ടെണ്ണല്‍ പഞ്ചായത്തുകളിലേക്ക് കടന്നതോടെ വിജയം സുനിശ്ചിതമാക്കി. ബിജെപി ശക്തി കേന്ദ്രങ്ങളെ വിറപ്പിച്ച് കൊണ്ടായിരുന്നു നഗരസഭ മേഖലയില്‍ രാഹുലിന്റെ തേരോട്ടം.
രണ്ടാം റൗണ്ട് എണ്ണി ക്കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി കേന്ദ്രങ്ങളില്‍ ആശങ്ക വിതക്കാന്‍ യുഡിഎഫിനായി. മൂന്നും നാലും റൗണ്ടുകളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമായ ലീഡ് നേടിയപ്പോള്‍ അഞ്ചാം റൗണ്ടിലാണ് ബിജെപിക്ക് ഭൂരിപക്ഷം നേടാനായത്.
ആര്‍.എസ്.എസ് സ്വാധീന കേന്ദ്രങ്ങളായ മൂത്താന്തറ, വടക്കുംതറ മേഖലകളിലെ ബൂത്തുകള്‍ ആണ് അഞ്ചാം റൗണ്ടില്‍ എണ്ണിയത്. വോട്ടെണ്ണല്‍ ഏഴാം റൗണ്ടിലേക്ക് എത്തിയപ്പോള്‍ ലീഡ് തിരിച്ചു പിടിച്ച രാഹുല്‍ പിരായിരി പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി തുടങ്ങിയതോടെ ഭൂരിപക്ഷം അയ്യായിരത്തില്‍ എത്തിച്ചു.
യുഡിഎഫ് സ്വാധീന മേഖലയാണ് പിരായിരി പഞ്ചായത്ത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ കേന്ദ്രീകരിച്ചിട്ടുള്ള പിരായിരിയാണ് യു.ഡി.എഫിനെ സുരക്ഷിത ലീഡില്‍ എത്തിച്ചത്. പിന്നെയും ലീഡ് നില മാറിമറിഞ്ഞ് വന്നെങ്കിലും എല്ലാത്തിനെയും അതിജീവിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി മാറി.
ചേലക്കരയില്‍ വിജയം നഷ്ടപ്പെട്ടെങ്കിലും പാലക്കാട്ടെ ഉജ്വല ജയം യുഡിഎഫിനും കോണ്‍ഗ്രസിനും വലിയ ആശ്വാസമായി. ഉറച്ച വിജയ പ്രതീക്ഷ വെച്ചു പുലര്‍ത്തിയ ബിജെപിക്ക് പാലക്കാട് നേരിട്ടത് വന്‍ തിരിച്ചടിയാണ്.
രണ്ടാം സ്ഥാനം ഒരു വിധത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടി ഭരിക്കുന്ന നഗരസഭാ പ്രദേശങ്ങളില്‍ കാര്യമായ ലീഡ് നേടാനാവാത്തതാണ് ബിജെപിക്ക് തിരിച്ചടിയായത്.
ഇത് വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. സ്ഥാനാര്‍ഥിത്വം മുതല്‍ സന്ദീപ് വാര്യരുടെ പാര്‍ട്ടി വിടല്‍ വരെ ഉപതിരഞ്ഞെടുപ്പ് പ്രചരണ ദിവസങ്ങളില്‍ ബിജെപിക്ക് പ്രതിസന്ധിയായിരുന്നു.