/sathyam/media/media_files/2024/11/06/PNeb7OqE5x4MZH0vrS0p.jpg)
പാലക്കാട്: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി പാലക്കാട് നടത്തിയ പൊലീസ് റെയ്ഡിൽ കടുത്ത നടപടിക്ക് ഒരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷൻ.
പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുളള കളക്ടറില്‍ നിന്ന് റിപ്പോർട്ട് തേടി.
ഭരണ സ്വാധീനമുപയോഗിച്ച പൊലീസിനെ സിപിഎം രാഷ്ട്രീയമായി ഉപയോഗിച്ചു എന്ന ആരോപണം യുഡിഎഫ് ശക്തമാക്കുമ്പോഴാണ് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചു എന്ന വ്യക്തമാക്കുന്ന സൂചനകൾ പുറത്തുവരുന്നത്.
പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ വിശദീകരണം. എന്നാൽ റെയ്ഡ്
വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് പൊലീസ് വിശദീകരിച്ചത്.
യുഡിഎഫ് നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് റെയ്ഡ് നടത്തിയ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയതും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ പിന്നെ മണ്ഡലത്തിന്റെ ചുമതല ജില്ലാ ഭരണാധികാരി കൂടിയായ കളക്ടര്‍ക്കാണ്. തിരഞ്ഞെടുപ്പ് പ്രചരണവും പ്രവർത്തനവും നിരീക്ഷിക്കാനായി പ്രത്യേക സംഘം തന്നെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ കീഴിൽ ഉണ്ടാകും.
പൊലീസുകാർ കൂടി ഉൾപ്പെട്ട സംഘമാവും ഇത്. പാലക്കാട് കോൺഗ്രസ് നേതാക്കൾ അടക്കം താമസിക്കുന്ന ഹോട്ടലിൽ കള്ളപ്പണം കടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിഞ്ഞിരിക്കണം.
അവിടെ പരിശോധന നടത്തണമെങ്കിൽ പോലും ജില്ലാ വരണാധികാരിയുടെ നേതൃത്വത്തിലുള്ള സംഘത്തിൻറെ സാന്നിധ്യം കൂടി പൊലീസിനോടൊപ്പം ഉണ്ടാകണമെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം.
എന്നാൽ പക്ഷേ ഇവിടെ അതൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ പൊലീസ് റെയ്ഡിൽ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് വ്യക്തം.
കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോട് പ്രാഥമിക റിപ്പോർട്ട് തേടിയത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുടര്‍ നടപടി.