പാലക്കാട്: പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണവും നിര്‍ത്തിയിട്ട കാറും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെയാണ് പുത്തൂര്‍ ചൊക്കനാഥപുരം റോസ് ഗാര്‍ഡനിലെ പ്രകാശിന്റെ വീട്ടില്‍ മോഷണം നടന്നത്.
തിങ്കളാഴ്ച ഉച്ചയോടെ പ്രകാശിന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച കാറുമായി പ്രതികള്‍ വാളയാര്‍ ടോള്‍ പ്ലാസ കടന്ന് തമിഴ്നാട്ടിലേക്ക് പോയതായി പൊലീസ് കണ്ടെത്തിയിരുന്നു.
പട്ടാപ്പകലാണ് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണവും മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറും കവര്‍ന്നത്. മുന്‍പ് ഇത്തരം സംഭവങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.
വീട്ടുടമ പ്രകാശനും ഭാര്യയും ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.മുറ്റത്ത് കാര്‍ ഇല്ലായിരുന്നു, അകത്തേ അലമാരകള്‍ തുറന്ന് കിടക്കുന്ന അവസ്ഥയിലായിരുന്നു, വഴിയരികിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വീടിനുപുറത്ത് വെള്ളക്കാറില്‍ ഒരുസംഘം വന്നിറങ്ങുന്നത് കണ്ടെത്തിയിട്ടുണ്ട്.