പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം, സർക്കാരിൽ നിന്ന് നീതികിട്ടിയില്ല, ആരും തിരിഞ്ഞുനോക്കുന്നില്ല: ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കുടുംബം

വിഷയത്തില്‍ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു.

New Update
hand-cut

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നല്‍കി.

Advertisment

പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു.

വിഷയത്തില്‍ അനുകൂലമായ നടപടി ഉണ്ടാകുന്നവരെ നിയമ പോരാട്ടം തുടരുമെന്നും കുടുംബം അറിയിച്ചു.

സെപ്റ്റംബര്‍ 24-നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വീണ് പെണ്‍കുട്ടിക്ക് പരിക്കേല്‍ക്കുന്നത്. ഉടന്‍ മാതാപിതാക്കള്‍ കുട്ടിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നു.

ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കുട്ടിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായി. കൈയുടെ നിറം മാറുകയും അസഹനീയമായ വേദനയുണ്ടാവുകയുമായിരുന്നു.

തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയപ്പോഴാണ് കൈ മുറിച്ചുമാറ്റാനുളള നിര്‍ദേശം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു.

കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാത്തതാണ് കൈ മുറിച്ചുമാറ്റുന്ന സാഹചര്യത്തിൽ എത്തിച്ചതെന്ന് ആരോപിച്ച് കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisment