ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി കേരളത്തിന്റെ ചലച്ചിത്രമേള തുടരണമെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്

New Update
iffk hyf

തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിൽ അതിയായ സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്. 

Advertisment

ശനിയാഴ്ച്ച അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുക യായിരുന്നു അദ്ദേഹം. 

ഐഎഫ്എഫ്കെയിലെ അനുഭവം വളരെ പ്രധാനപ്പെട്ടതും വിശിഷ്ടവുമാണ് എന്ന് വിശേഷിപ്പിച്ച പലസ്തീൻ അംബാസഡർ പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ ലോകത്തോട് പറയാൻ ലഭിച്ച സുപ്രധാന വേദിയായി ചലച്ചിത്രമേളകളേയും 'പലസ്തീൻ 36' പോലുള്ള ചിത്രങ്ങളെയും കാണുന്നതായും കൂട്ടിച്ചേർത്തു. 

ഗാസയുടെ പുനർനിർമ്മാണം, പുനരധിവാസം എന്നിവയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവുമായി രണ്ടു മാസത്തിലേറെയായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് അംബാസഡർ വെളിപ്പെടുത്തി. നിലവിലെ ഇന്ത്യൻ സർക്കാർ പലസ്തീൻ ജനതയ്ക്ക് വേണ്ടി മികച്ച കാര്യങ്ങളാണ് ചെയ്യുന്നത്. 

മഹാത്മാഗാന്ധിയെയും ഭഗത് സിംഗിനെയും അംബാസഡർ ചെറുത്തുനിൽപ്പിന്റെ രണ്ട് വ്യത്യസ്ത ചിന്താധാരകളായി  വിശേഷിപ്പിച്ചു.  ഭഗത് സിംഗിനെ ബ്രിട്ടീഷുകാർ ഭീകരവാദി എന്ന് മുദ്രകുത്തിയതുപോലെ, അധിനിവേശത്തെ ചെറുക്കുന്നവരെല്ലാം ഭീകരവാദികളായി ചിത്രീകരിക്കപ്പെടുന്നു.

പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പ്രതിനിധീകരിക്കുന്നത് മഹാത്മാഗാന്ധിയുടെ  ചിന്താധാരയാണ്. സമാധാനപരവും നയതന്ത്രപരവും നിയമപരവുമായ ചെറുത്തുനിൽപ്പ്.  "ഇന്ത്യയുടെ ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്," അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനതയ്ക്ക് അവരുടെ കഥ പറയാനുള്ള അവകാശം വളരെക്കാലമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് അംബാസഡർ പറഞ്ഞു.

നിലവിൽ, ഗാസയിൽ ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള കേവലമായ റിപ്പോർട്ടിംഗിനപ്പുറം, ദുരന്തത്തിന്റെ യഥാർത്ഥ കാരണം, അതിന്റെ വേരുകൾ, അത് എങ്ങനെ സംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഐഎഫ്എഫ്കെ വേദി അവസരം നൽകി. 

സോഷ്യൽ മീഡിയയിൽ പോലും പലസ്തീനെ സംബന്ധിക്കുന്ന വിവരങ്ങൾ സെൻസർ ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ, പലസ്തീൻ സംസ്കാരം, പൈതൃകം, പാചകരീതി എന്നിവ ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിക്കാൻ ഐഎഫ്എഫ്കെ പോലുള്ള വേദികൾ അത്യന്താപേക്ഷിതമാണ്.
പലസ്തീന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ് കേരളത്തിലെ ജനങ്ങളോട് നന്ദി പറഞ്ഞു. 

കേരള മുഖ്യമന്ത്രിയുമായി താൻ നേരിട്ട് സംസാരിച്ചു. “സമാധാനത്തോടും നീതിയോടും അന്താരാഷ്ട്ര നിയമത്തോടുമുള്ള കേരളത്തിന്റെ കൂറ് വളരെ വലുതാണ്. അവർ എന്നെ ക്ഷണിക്കുന്നത് നിർത്തിയിട്ടേയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എഫ് കെ പോലുള്ള വേദികൾ ശബ്ദമില്ലാത്തവരുടെ ശബ്ദമായി വർത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഐഎഫ്എഫ്കെയുടെ ഉദ്ഘാടന ചിത്രം 'പലസ്തീൻ' എന്ന വാക്കിൽ തുടങ്ങുന്നത് തന്നെ തങ്ങളുടെ വിഷയത്തിന് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

സിനിമ പലസ്തീനിൽ

പലസ്തീൻ ചലച്ചിത്രകാരന്മാർ നേരിടുന്ന പ്രധാന വെല്ലുവിളി ഇസ്രായേലി അധിനിവേശം തന്നെയാണെന്ന് അംബാസഡർ അബ്ദുള്ള അബു ഷാവേഷ് വ്യക്തമാക്കി. 

പലസ്തീനിൽ ഒരു സിനിമ ചിത്രീകരിക്കാൻ ഇസ്രായേൽ അനുവദിക്കില്ല. ഒരു ഡോക്യുമെന്ററി സിനിമ ചിത്രീകരിച്ചതിന്റെ പേരിൽ പോലും അവർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. ഒരു ട്വീറ്റിന്റെ പേരിൽ പോലും അറസ്റ്റുകൾ നടക്കാറുണ്ട്.

തൻ്റെ വാക്കുകളിൽ നിന്ന് ഒരു വാചകം ഓർത്തുവെക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് "ശബ്ദം നഷ്ടപ്പെട്ടവരുടെ ശബ്ദമായി ഐഎഫ്എഫ്കെ തുടരണം" എന്നതായിരിക്കണം എന്നും പലസ്തീൻ അംബാസിഡർ കൂട്ടിച്ചേർത്തു.

Advertisment