/sathyam/media/media_files/jVBm67VsBiXIDVWOW84m.jpg)
ഏറ്റവും മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ചിത്രത്തിന് ലഭിച്ചതറിഞ്ഞ് പ്രതികരിക്കുകയായിരുന്നു ജിതിൻ. ഒരു വാണിജ്യ സിനിമയുടെ എല്ലാ ചേരുവകളുമുള്ള പല്ലൂട്ടി സെപ്റ്റംബറിൽ തിയറ്ററുകളിൽ എത്തുമെന്ന് ജിതിൻ പറഞ്ഞു. പല്ലൊട്ടി 90സ് കിഡ്സ് ഒരു ഹ്രസ്വ ചിത്രമായി എടുത്തപ്പോൾ അതിനു നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ചിത്രത്തിന്റെ നിർമാതാവ് സാജിദ് യഹിയയാണ് ഇത് ഒരു സിനിമയായി എടുത്താൽ നന്നാകും എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചതെന്നും അവിടെ നിന്നാണ് ഇന്ന് ഈ പുരസ്‌കാരം കരസ്ഥമാക്കുന്ന നിലയിലേക്ക് എത്തിയതെന്നും ജിതിൻ രാജ് പറയുന്നു.
‘‘എന്റെ ആദ്യത്തെ സിനിമയാണ് പല്ലൊട്ടി 90സ് കിഡ്സ്. അതുകൊണ്ടു തന്നെ സിനിമ ചെയ്യുമ്പോൾ ഒരുപാട് എക്സ്സൈറ്റ്മെന്റ് ഉണ്ടായിരുന്നു. ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങളുടെ മുഴുവൻ ടീമിന്റെയും നന്ദി അറിയിക്കുകയാണ്. സെപ്റ്റംബറിൽ സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്യാനാണ് തയാറെടുക്കുന്നത്. പക്കാ കമേഴ്സ്യൽ ആയ എല്ലാ ഘടകങ്ങളും ഉള്ള സിനിമയാണ് പല്ലൊട്ടി. കുടുംബമായി വന്നു കാണാൻ കഴിയുന്ന സിനിമയാണ്. 80-90 കാലഘട്ടങ്ങളിൽ കുട്ടികളായിരുന്നവർ നടന്ന വഴികളും അവരുടെ അനുഭവങ്ങളുമാണ് ഈ സിനിമയിൽ ഉള്ളത്. പല്ലൊട്ടി എന്നത് 2017 ൽ ചെയ്ത ഒരു ഷോർട് ഫിലിമാണ്. ഒരുപാട് പുരസ്‌കാരങ്ങൾ അതിനു ലഭിച്ചിരുന്നു.
ആ ഷോർട് ഫിലിമിൽ ഒരു വലിയ സിനിമയുണ്ടെന്ന് പറഞ്ഞത് സിനിമയുടെ നിർമാതാവായ സാജിദ് യഹിയ ആണ്. അവിടെ നിന്നാണ് ഇതൊരു ബിഗ് സ്ക്രീനിലേക്ക് വരണം എന്ന തോന്നൽ ഉണ്ടായത്. ഒരുപാട് പേരുടെ ജീവിതവുമായി ബന്ധമുള്ള കഥയാണ് ഇത്. കുട്ടികളുടെ സിനിമ എന്നത് കുട്ടികൾക്ക് മാത്രം ആസ്വദിക്കാനുള്ളതല്ല. പല്ലൊട്ടി കുട്ടികളെക്കാൾ കൂടുതൽ 90 കാലഘട്ടത്തിൽ ജീവിച്ച തലമുറക്കായിരിക്കും മനസ്സിലാവുക. അവരുടെ ചെറുപ്പകാലമാണ് സിനിമയിൽ കാണിക്കുന്നത്. നമ്മൾ സഞ്ചരിച്ച വഴികൾ സിനിമയാക്കുന്നത് സന്തോഷമുള്ള കാര്യമാണ്. ആ സിനിമയ്ക്ക് അംഗീകാരം ലഭിക്കുന്നത്തിൽ സന്തോഷമുണ്ട്.’’– ജിതിൻ രാജ് പറയുന്നു