/sathyam/media/media_files/2025/01/31/6uDs7TFkQQEAQPfCVdpe.jpg)
പനവൂര്‍: ഗവ.എല്‍.പി.സ്‌കൂളില്‍ അനുവദിച്ച മോഡല്‍ പ്രീപ്രൈമറി കെട്ടിടത്തിന്റെ നിര്‍മ്മാണം ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചാലുടന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും എന്നു മന്ത്രി വി ശിവന്‍കുട്ടി.
എസ് എസ് കെ മുഖാന്തിരം പനവൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ അനുവദിച്ച മോഡല്‍ പ്രീപ്രൈമറി കെട്ടിടത്തിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കണം എന്ന വിഷയത്തില്‍ ഡി കെ മുരളി നല്‍കിയ സബ്മിഷന്‍ നോട്ടീസിനാണ് മറുപടി ലഭിച്ചത്.
മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി...
സര്‍വ്വശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതി പ്രകാരം സംസ്ഥാനത്ത് മോഡല്‍, ബി.ആര്‍.സി മോഡല്‍ പ്രീപ്രൈമറികള്‍ ഉള്‍പ്പെടെയുളള നിരവധി കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ക്ക് 2024ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
ഇതില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ (14 ജില്ലകളിലും) ഓരോ മോഡല്‍ പ്രീപ്രൈമറി കെട്ടിടങ്ങള്‍ ഒരുക്കുന്നതിനായി അനുമതി ലഭിക്കുകയും ആയതില്‍ തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തിലെ പനവൂര്‍ ഗവ.എല്‍.പി.സ്‌കൂളിനെ തെരഞ്ഞെടുക്കുകയും 1 കോടി 53 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവൃത്തി ചെയ്യുന്നതിനായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ സാങ്കേതിക വിദഗ്ധരെ ഇതുവരെ ലഭിക്കാത്തതിനാല്‍ പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍.ന് സാങ്കേതിക അനുമതി ഇതുവരെ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എസ് എസ് കെ ഡയറക്ടര്‍ അറിയിക്കുകയുണ്ടായി.
സ്റ്റാര്‍സ് പദ്ധതി പ്രകാരമുളള മരാമത്ത് പണികളുടെ നടത്തിപ്പിനായി ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് അനുയോജ്യരായ എഞ്ചിനീയര്‍മാരെ വിട്ടു നല്‍കാന്‍ തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകള്‍ക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, സമഗ്രശിക്ഷാ കേരളം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും മറുപടിയൊന്നും ലഭ്യമായിരുന്നില്ല.
ഈ സാഹചര്യത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് അനുയോജ്യരായ എഞ്ചിനീയര്‍മാരെ വിട്ടു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യമുന്നയിച്ചിട്ടുണ്ട്.
ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചാലുടന്‍ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുളള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.