/sathyam/media/media_files/2025/08/20/asha_death200825-2025-08-20-23-33-19.webp)
കൊച്ചി: പറവൂര്‍ കോട്ടുവള്ളിയില്‍ പലിശക്കാരിയുടെ ഭീഷണിയെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ദമ്പതികളുടെ മകളെ പോലീസ് കസ്റ്റഡിയിലെടുത്തു.
റിട്ട.പോലീസ് ഉദ്യോഗസ്ഥൻ പ്രദീപ്, ഭാര്യ ബിന്ദു എന്നിവരുടെ മകളെ കലൂരിലെ ഓഫീസിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് ഇവരുടെ മകളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പ്രതികരിച്ചു.
അതേസമയം, പോലീസ് നടപടിയിൽ അഭിഭാഷകർ പ്രതിഷേധിച്ചു. കേസുമായി മകൾക്ക് ബന്ധമില്ലെന്നും കൃത്യമായ മാനദണ്ഡപ്രകാരമല്ല പോലീസ് നടപടിയെന്നും നീക്കം നിയമവിരുദ്ധമാണെന്നും അഭിഭാഷകർ ആരോപിച്ചു. കേസിലെ പ്രതികളായ പ്രദീപും ബന്ദുവും ഒളിവിലാണ്.
കോട്ടുവള്ളി സൗത്ത് റേഷന്‍കടയ്ക്ക് സമീപം പുളിക്കത്തറ വീട്ടില്‍ ആശ (46)യാണ് കോട്ടുവള്ളി പുഴയില്‍ ചാടി മരിച്ചത്. ചൊവ്വ മൂന്നോടെയാണ് ഇവരെ പുഴയില്‍ പള്ളിക്കടവ് ഭാഗത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടുവള്ളി സ്വദേശിയായ റിട്ട. പോലീസ് ഉദ്യോസ്ഥനിൽ നിന്ന് 2022ൽ ഇവർ 10 ലക്ഷം രൂപ പലിശക്ക് വായ്പ വാങ്ങിയിരുന്നു. ഇതിൽ കുറേ തുക ഇവർ തിരിച്ചു നൽകിയതായും പറയുന്നു. എന്നാൽ പണം തിരികെ ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ആശ പരാതി നൽകി.
തുടര്‍ന്ന് ഇരുകൂട്ടരെയും വിളിച്ചു വരുത്തി പറവൂർ പോലീസ് ചര്‍ച്ച നടത്തിയിരുന്നു. പണം ആവശ്യപ്പെട്ട് വീട്ടിലെത്തി ഭീഷണിപ്പെടുത്തരുതെന്നും തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും താക്കീതു നല്‍കിയാണ് ഇരുകൂട്ടരെയും പോലീസ് വിട്ടത്.
എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഇവരുടെ വീട്ടിലെത്തി പണം ചോദിച്ചു ബഹളമുണ്ടാക്കിയതായി മരിച്ച സ്ത്രീയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ 11നു കൈത്തണ്ടയിലെ ഞരമ്പു മുറിച്ച നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മരണത്തിനു കാരണക്കാരയാവരുടെ പേരുകളടങ്ങിയ കത്ത് കണ്ടെത്തിയിട്ടുണ്ട്.