/sathyam/media/media_files/2025/04/30/P2YiS2V5ymxdDOBfuBjb.jpg)
പരിയാരം: കൈതപ്രത്തെ ഓട്ടോറിക്ഷാ ഡ്രൈവര്‍ കെ.കെ.രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രാധാകൃഷ്ണന്റെ ഭാര്യ അറസ്റ്റിലായതോടെ പുറത്തു വരുന്നതു പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടി വീണ്ടും മൊട്ടിട്ട പ്രണയം മുതല്‍ കൊലപാതകം വരെ നടന്ന ഗൂഢാലോചന.
മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടില്‍ മിനി നമ്പ്യാരെ(42) ഇന്നലെയാണു പോലീസ് അറസ്റ്റു ചെയ്തത്.
കാമുകനും കേസിലെ ഒന്നാം പ്രതിയുമായ സന്തോഷുമായി ചേര്‍ന്നു ഭര്‍ത്താവു രാധാകൃഷ്ണനെ കൊല്ലാന്‍ മിനി ഗൂഢാലോചന നടത്തിയെന്നാണു കേസ്.
കേസില്‍ മൂന്നാം പ്രതിയാണ് ഇന്നലെ അറസ്റ്റിലായ മിനി നമ്പ്യാര്‍. ഈ കേസില്‍ തോക്കു നല്‍കിയ സിജോ ജോസഫിനെ രണ്ടാം പ്രതിയായി കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കൈതപ്രത്ത്, പണിനടക്കുന്ന വീട്ടില്‍വച്ച് മാര്‍ച്ച് 20നു രാത്രി ഏഴോടെയാണു രാധാകൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.
മിനിയുമായുള്ള സൗഹൃദം എതിര്‍ത്തതിന്റെ പകമൂലമാണു രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയിരുന്നു.
മിനിയുമായുള്ള സന്തോഷിന്റെ സൗഹൃദം രാധാകൃഷ്ണന്റെ കുടുംബ ബന്ധത്തെ ബാധിച്ചിരുന്നു.
സഹപാഠികളായ സന്തോഷും മിനിയും പൂര്‍വവിദ്യാര്‍ഥിസംഗമത്തിലാണു വീണ്ടും കണ്ടുമുട്ടിയതെന്നാണു സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്.
പിന്നീട് രാധാകൃഷ്ണന്റെ വീട് നിര്‍മാണത്തിനു സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തില്‍ സന്തോഷ് കൂടുതല്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്‍ എതിര്‍ത്തു.
ഇതോടെ രാധാകൃഷ്ണനെ സന്തോഷ് ഭീഷണിപ്പെടുത്താന്‍ തുടങ്ങി.
കൊലപ്പെടുത്തുന്ന ദിവസം ''കൊള്ളിക്കുക എന്നത് ആണ് ടാസ്‌ക് .. കൊള്ളും എന്നത് ഉറപ്പ്'', ''നിന്നോട് ഞാന്‍ പറഞ്ഞത് അല്ലെട എന്റെ പെണ്ണിനെ ഒന്നും ചെയ്യരുത് എന്ന്.... എന്റെ ജീവന്‍ പോയാല്‍ ഞാന്‍ സഹിക്കും പക്ഷെ എന്റെ പെണ്ണ്.. നിനക്ക് മാപ്പില്ല''.എന്നുള്ള രണ്ടു ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിരുന്നു.
രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇവരെ പരിയാരം പോലീസ് സ്‌റ്റേഷനില്‍ വിളിപ്പിച്ചു സംസാരിച്ചിരുന്നു. ഇതോടെയായ് സന്തോഷിന്റെ ഭീഷണി കൂടി വന്നത്.
ഒടുവിൽ സന്തോഷ് വീട്ടില്‍ ഒളിച്ചിരുന്നു രാധാകൃഷ്ണനെ വെടിവച്ചുവെന്നാണു പോലീസ് പറയുന്നത്.
ദീര്‍ഘകാലമായി മിനി നമ്പ്യാര്‍ ഇയാളുമായി അടുപ്പത്തിലായിരുന്നു എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും ഫോണ്‍ രേഖകളും പോലീസ് വിശദമായി പരിശോധിച്ചിരുന്നു.
കൊലപാതകം നടന്ന മാര്‍ച്ച് 20നു സന്തോഷും മിനി നമ്പ്യാരും തമ്മിലുള്ള ഫോണ്‍സന്ദേശങ്ങള്‍ പരിശോധിച്ചശേഷമാണു കൊലപാതക ഗൂഢാലോചനയില്‍ മിനി നമ്പ്യാര്‍ക്കു പങ്കുണ്ടെന്നു കണ്ടെത്തിയത്.
കൊലപാതകം നടന്ന ദിവസവും രാധാകൃഷ്ണന്‍ ഭാര്യയെ ഈ ബന്ധത്തിന്റെ പേരില്‍ ശകാരിച്ചിരുന്നു.
കൊല നടന്നശേഷവും ഇരുവരും ബന്ധപ്പെട്ടുവെന്ന നിഗമനത്തിലാണു പോലീസ്. രാധാകൃഷ്ണന്‍ പുതുതായി നിര്‍മിക്കുന്ന വീട്ടിലാണു കൊല നടന്നത്.
മാതമംഗലത്തെ വീട്ടില്‍നിന്നു കൊലപാതകം നടന്ന ദിവസം മിനി അടുത്തുതന്നെയുള്ള അമ്മയുടെ വീട്ടില്‍ എത്തിയിരുന്നു.
വെടിയൊച്ച കേട്ടിട്ടും കൊലപാതകം നടന്ന വീട്ടിലേക്കു മിനി നമ്പ്യാര്‍ വന്നില്ല എന്നതും പോലീസിന്റെ സംശയം ബലപ്പെടുത്തി.
പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും തമ്മിലുള്ള സൗഹൃത്തിന്റെ പേരിലുള്ള തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് ആദ്യമേ തന്നെ കണ്ടെത്തിയിരുന്നു. തികച്ചും ആസൂത്രിതമായിട്ടായിരുന്നു കൊലപാതകം.
ചൊവ്വാഴ്ച ഉച്ചയോടെ ചോദ്യം ചെയ്യാനായി മിനി നമ്പ്യാരെ പരിയാരം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പരിയാരം എസ്.എച്ച്.ഒ എം.പി. വിനീഷ്‌കുമാറാണു മിനിയെ അറസ്റ്റു ചെയ്തത്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us