പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന സർക്കാർ വാദം എങ്ങുമെത്തിയില്ല. പദ്ധതിയെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് പൂഴ്ത്തി. പദ്ധതിയുടെ പേരിൽ സംസ്ഥാനം കടമെടുത്തത് 7721 കോടി രൂപ !

ആകെ 7721.62 കോടിയാണ് ഇതുവരെ എൻ.പി.എസ് നഷ്ടപരിഹാരം' എന്ന പേരിൽ സർക്കാർ വായ്പയെടുത്തത്. ഈ തുക മുഴുവൻ ജീവനക്കാരുടെ പെൻഷൻ സുരക്ഷയ്ക്കായി നീക്കിവെക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.

New Update
Participatory Pension Scheme
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കഴിഞ്ഞ നിയസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന ഇടതു സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകിയ വാഗ്ദാനം എങ്ങുമെത്തിയില്ല. 

Advertisment

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് മൂന്നുമാസം ശേഷിക്കെ പങ്കാളിത്തപെൻഷനെ പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടും വെളിച്ചം കണ്ടിട്ടില്ല. 


നിലവിൽ ഇതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.


കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം എൻ.പി.എസ് വിഹിതം കൃത്യമായി അടയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജി.സ്.ഡി.പി) നിശ്ചിത ശതമാനം അധിക കടമെടുക്കാൻ അനുമതിയുണ്ട്. 

ഈ പഴുതുപയോഗിച്ചാണ് 2022 മുതൽ കേരളം വൻതോതിൽ വായ്പയെടുക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായാണ് നിർബാധം കേരളം കടമെടുക്കുന്നത്. 


2023-24 സാമ്പത്തിക വർഷത്തിൽ1967.86 കോടിയും 2022-23ൽ 1755.34 കോടിയുമായിരുന്നു കടമെടുത്തത്. 2024-25ൽ ഇത് 1998.42 കോടിയായി ഉയർന്നു. ഈ സാമ്പത്തിക വർഷം അതായത് 2025- 26 ൽ ഈ പഴുത് ഉപയോഗിച്ച് 2000 കോടി കേരളം കടമെടുത്തു എന്നാണ് ലഭിക്കുന്ന സൂചന. 


ഇത്തരത്തിൽ ആകെ 7721.62 കോടിയാണ് ഇതുവരെ എൻ.പി.എസ് നഷ്ടപരിഹാരം' എന്ന പേരിൽ സർക്കാർ വായ്പയെടുത്തത്. ഈ തുക മുഴുവൻ ജീവനക്കാരുടെ പെൻഷൻ സുരക്ഷയ്ക്കായി നീക്കിവെക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.

പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അത് പുറത്തുവിടാനോ നടപ്പിലാക്കാനോ തയ്യാറായിട്ടില്ല. 


ഈ പദ്ധതി പിൻവലിച്ചാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഈ അയ്യായിരത്തിലധികം കോടിയുടെ അധിക കടമെടുപ്പ് അവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് ധനവകുപ്പിനെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. 


കേന്ദ്രം തങ്ങളുടെ വിഹിതം 14% ആയി ഉയർത്തിയിട്ടും കേരളം ഇപ്പോഴും 10% എന്ന പഴയ നിരക്കിലാണ് തുടരുന്നത്. പങ്കാളിത്ത പെൻഷൻകാർക്ക് അർഹമായ ഗ്രാറ്റുവിറ്റി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും വാദമുയരുന്നണ്ട്. 

സാലറി ചലഞ്ചിലൂടെ ഒരു വശത്ത് ജീവനക്കാരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പിടിച്ചുപറിക്കുമ്പോൾ മറുവശത്ത് അവരുടെ വിരമിക്കൽ കാലത്തെ സുരക്ഷ വെച്ച് സർക്കാർ വായ്പയെടുക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. 


തൊട്ടയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും ഗ്രാറ്റുവിറ്റി നൽകാനും സർക്കാർ മുൻകൈ എടുക്കുമ്പോൾ കേരളം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ്. 


2026 ബജറ്റിൽ പെൻഷൻ വിഹിതം കൂട്ടുമെന്ന് സൂചനയുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കാതെ ജീവനക്കാരെ വിശ്വസിപ്പിക്കാൻ സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല.

Advertisment