/sathyam/media/media_files/SSI5vg1Vk9jJX9uPFIOb.jpg)
കോട്ടയം: സ്വകാര്യ ബസ്സുകാർ പെർമിറ്റുകൾക്കായി ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ പെർമിറ്റ് റൂട്ട് സാക്ഷ്യപ്പെടുത്തിയ കത്ത് ഉൾപ്പെടെ ഹാജരാക്കിയാണ് ബസ് സർവീസ് നടത്തുവാൻ മോട്ടോർ വാഹനവകുപ്പിൽ നിന്നും അനുമതി വാങ്ങുന്നത്.
പാലാ, ഉഴവുർ, വൈക്കം,ജോയിന്റ് ആർടിഒ ഓഫിസ് പരിധിയിൽ പല സ്വകാര്യ ബസുകളും പെർമിറ്റിന് വിരുദ്ധമായി ഓട്ടം പകുതിയിൽ നിർത്തി യാത്രക്കാരെ വഴിയിൽ ഇറക്കി വിടുന്ന അവസ്ഥ ജനങ്ങൾക്ക് ദുരിതം ആവുകയാണ്.
യാത്രക്കാർ ചോദ്യം ചെയ്‌താൽ ബസ് ജീവനക്കാരുടെ വക അസഭ്യവർഷവും ചിലപ്പോൾ അക്രമിക്കുകയും ചെയ്യും.
കൃത്യമായി ബസ് സർവീസ് നടത്തുന്നില്ല എന്നുള്ള പരാതി നൽകിയാൽ ബസ് ഉടമകൾ പറയുന്നത് ബസിൽ യാത്രക്കാർ ഇല്ല,ബസ് വ്യവസായം നഷ്ടത്തിൽ ആണ് എന്നാണ്.
നിവൃത്തിയില്ലാത്തതുകൊണ്ട് സർവീസ് നടത്തുന്നുവെന്നുള്ള സങ്കടം പറച്ചിലും. ജില്ലയിലെ ഗ്രാമീണ മേഖലയിൽ സാധാരണ ജനങ്ങളുടെ ആശ്രയം സ്വകാര്യ ബസുകൾ ആണ്.
എന്നാൽ ചിലത് ഞായറാഴ്ചകളിൽ അറ്റകുറ്റപ്പണിയുടെ പേരിൽ സർവീസ് നടത്തുന്നില്ല. ഭൂരിഭാഗം സ്വകാര്യ ബസ്സുകളും രാത്രികാല സർവീസ് തങ്ങൾക്ക് ഉചിതമായ സ്ഥലത്ത് അവസാനിപ്പിക്കുന്ന പ്രവണതയാണ് ഉള്ളത്.
യാത്രക്കാരൻ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നിടത്ത് ഇറങ്ങി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട അവസ്ഥ.
മോട്ടോർ വാഹന വകുപ്പ് അനുമതി നൽകിയിട്ടുള്ള സ്ഥലത്തേക്ക് സർവീസ് നടത്താതെ പകുതിയിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്ക് എതിരെ നടപടി എടുക്കാൻ മോട്ടോർ വാഹന വകുപ്പ് മടിക്കുകയാണ് എന്നാണ് യാത്രക്കാരുടെ സംഘടനകൾ ആരോപിക്കുന്നത്.
രാത്രികാല ബസ് സർവീസ് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിജിലൻസ് വിഭാഗം ഉണ്ടെങ്കിലും അതിന്റെ പ്രവർത്തനം പരാതികൾ ഉണ്ടാകുമ്പോൾ മാത്രമാണ് എന്നാണ് ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us