/sathyam/media/media_files/qgrtlYPsvOlCAsNBTt3m.webp)
പത്തനംതിട്ട: പത്തനംതിട്ടയിലെ തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുളിയൻകുന്നുമല കുടിലിൽ വീട്ടിൽ ബിജു ആണ് മരിച്ചത്. 58 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് ശബ്ദംകേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. ബിജുവിൻ്റെ വീട്ടിൽനിന്ന് 50 മീറ്റർ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പുരയിടത്തിൽ ഇറങ്ങിയ ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ വർഷം മെയ് 19ന് തുലാപ്പള്ളിക്ക് സമീപത്തെ കണമലയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കണമല പുറത്തേൽ ചാക്കോ(65), കൃഷിയിടത്തിൽ റബ്ബർ ടാപ്പിങ്ങ് നടത്തുകയായിരുന്ന പ്ലാവനാൽകുഴിയിൽ തോമസ് ആന്റണി(65) എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് കണമലയിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം അകലെയുള്ള തുലാപ്പള്ളിയിൽ വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്.