ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അനുമതിയില്ലാതെ ഇളക്കിമാറ്റി. ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ കമ്മീഷണര്‍

സന്നിധാനത്ത് ശ്രീകോവിലിന്റെ മുന്നില്‍ ഇടത്തും വലത്തുമായി രണ്ടു ദ്വാരപാലക ശില്‍പ്പങ്ങള്‍ ഉണ്ട്. രണ്ട് ദ്വാരപാലക ശില്‍പ്പങ്ങളും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. 

New Update
sabarimala1

പത്തനംതിട്ട: ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അനുമതിയില്ലാതെ ഇളക്കിമാറ്റിയതായി ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്.

Advertisment

അറ്റകുറ്റപ്പണിക്കായി സ്വര്‍ണപ്പാളി ചെന്നൈയിലേക്കാണ് കൊണ്ടുപോയത്. അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയെന്ന് കാട്ടി സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന് റിപ്പോര്‍ട്ട് നല്‍കി. 

സന്നിധാനത്ത് ശ്രീകോവിലിന്റെ മുന്നില്‍ ഇടത്തും വലത്തുമായി രണ്ടു ദ്വാരപാലക ശില്‍പ്പങ്ങള്‍ ഉണ്ട്. രണ്ട് ദ്വാരപാലക ശില്‍പ്പങ്ങളും കരിങ്കല്ലില്‍ നിര്‍മ്മിച്ചതാണ്. 

ഇതിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ നിന്നുള്ള ഒരു ഭക്തന്റെ വഴിപാടായി സ്വര്‍ണം പൂശിയത്.

ശബരിമല ശ്രീകോവില്‍ പൂര്‍ണമായി സ്വര്‍ണം പൂശിയ കൂട്ടത്തിലാണ് ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട പ്ലേറ്റുകളിലും സ്വര്‍ണം പൂശിയത്. 

ഇത് അനുമതിയില്ലാതെ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയെന്നാണ് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ശ്രീകോവിലിന് സമീപത്തെ അറ്റകുറ്റപ്പണികള്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതിയോട് കൂടി മാത്രമേ നടത്താന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം.

ഇത് പാലിക്കാതെ സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയെന്നാണ് സ്‌പെഷല്‍ കമ്മീഷണര്‍ ജയകൃഷ്ണന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വര്‍ണവുമായി ബന്ധപ്പെട്ട പണികള്‍ സന്നിധാനത്ത് തന്നെ നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.

അത്തരത്തില്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുമ്പോള്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്.

Advertisment