റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും.

New Update
sabarimala

പത്തനംതിട്ട: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് വൈകീട്ട് അഞ്ചുമണി മുതല്‍ ആരംഭിക്കും.

Advertisment

 sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്.

ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക.

 വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും.

 ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയല്‍ ടൈം ബുക്കിങ് വഴി ദര്‍ശനത്തിന് അനുവദിക്കുക.

തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കഴിഞ്ഞ വര്‍ഷം 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു.

 ഈ തീര്‍ഥാടനകാലം മുതല്‍ ശബരിമല യാത്ര മധ്യേ കേരളത്തില്‍ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ വ്യാപിപ്പിച്ചിട്ടുണ്ട്.

മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചെലവ് നല്‍കുന്നുമുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കും.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല.

 ഈ വര്‍ഷം മുതല്‍ സ്വഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പില്‍ഗ്രിം വെല്‍ഫെയര്‍ നിധി കൂടി ആരംഭിക്കുകയാണ്.

ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഐഡി ആയതിനാല്‍ പരമാവധി ഭക്തര്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Advertisment