പത്തനംതിട്ട: ഓരോ വകുപ്പിൻറെയും മേധാവി ആ വകുപ്പിൻറെ പബ്ലിക് അതോറിറ്റിയാണെന്നും ഒരു പബ്ലിക്ക് അതോറിറ്റിയുടെ വകുപ്പിലേക്ക് ഒരു വിവരവും അനുബന്ധ കാര്യങ്ങളും തേടാൻ ഒരു അപേക്ഷ മതിയാകുമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷ്ണർ ഡോ. എ അബ്ദുൽ ഹക്കിം പറഞ്ഞു.
തേടിയ വിവരം ആ വകുപ്പിൻറെ പല ഓഫീസുകളിലും സെക്ഷനുകളിലുമാണുള്ളതെങ്കിൽ നിയമം 6(3) പ്രകാരം അവിടങ്ങളിലേക്ക് പകർപ്പുകൾ അയച്ച് വിവരം നേരിട്ട് ലഭ്യമാക്കിക്കണം. പത്തനംതിട്ട ജില്ലയിലെ രണ്ടാം അപ്പീലുകളിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.
ഒരു പബ്ലിക് അതോറിറ്റിയുടെ കീഴിൽ ഉള്ള മുഴുവൻ ഭരണ യൂണിറ്റുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസറും അപ്പീൽ അധികാരിയും വേണം.അല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാന നിർദ്ദേശം ചെയ്യണമെന്നും കമ്മിഷണർ ആവശ്യപ്പെട്ടു.
മൂന്നാം കക്ഷിയുടെ അറിവില്ലാതെ അത്തരം വിവരങ്ങൾ പുറത്തുകൊടുക്കരുത്. എന്നാൽ അഴിമതിയും രാജ്യതാല്പര്യ സംരക്ഷണവും പൊതു താല്പര്യവും പരിഗണിച്ച് ഇൻഫർമേഷൻ ഓഫീസർക്ക് വിവേചനാധികാരം വിനിയോഗിച്ച് വിവരം പുറത്തു വിടാം.
തിരുവിതാംകൂർ ദേവസ്വം ബോഡിലെ വിവരാവകാശ ഓഫീസർമാർക്കു വേണ്ടി വിവരാവകാശ നിയമത്തിൽ പ്രത്യേകം പരിശീലനം സംഘടിപ്പിക്കുമെന്നും കമ്മീഷ്ണർ അറിയിച്ചു. വിവരാവകാശ നിയമം പൂർണ്ണമായും പൗരന്മാരുടെ പക്ഷത്താണെന്നും ഉദ്യോഗസ്ഥർ ജനപക്ഷത്തു നിന്ന് അപേക്ഷകളിൽ തീർപ്പ് കല്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
അപേക്ഷകയോട് പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിൽ 10 രൂപ വീതം ഒടുക്കി പ്രത്യേകം പ്രത്യേകം അപേക്ഷിക്കാൻ ഡിഡിപി ഓഫീസ് നല്കിയ നിർദ്ദേശം തെറ്റാണെന്ന് കമ്മിഷണർ വ്യക്തമാക്കി. വിചാരണയിൽ ഒരാഴ്ചയ്ക്കകം 53 പഞ്ചായത്തിലെയും വിവരങ്ങൾ ലഭ്യമാക്കാമെന്ന് ഉദ്യോഗസ്ഥ സമ്മതിച്ചു. തൻറെ ഓഫീസിൽ വിവരാവകാശ ഓഫീസർ ഇല്ല എന്നുപറഞ്ഞ് വിവരം നിഷേധിച്ച ജില്ലാ പൊലീസ് സ്പെഷൽ ബ്രാഞ്ചിൻറെ നടപടി നിയമ വിരുദ്ധവും ശിക്ഷാർഹവുമാണ്.
വിവരാവകാശ അപേക്ഷക്ക് മറുപടി നല്കാതെ തന്നേ നേരിൽ കണ്ടാൽ ഉടൻ വിവരം നല്കാമെന്ന് ഫോണിൽ അറിയിച്ച വില്ലേജ് ഓഫീസർക്കെതിരെ ശിക്ഷാനടപടി ഉണ്ടാകുമെന്ന് കമ്മിഷണർ അറിയിച്ചു.
പത്തനംതിട്ട നഗര സഭയിൽ കോവിഡ് കാലത്ത് നടത്തിയ പ്രത്യേക പ്രവർത്തനങ്ങളുടെ കണക്കുകൾ 15 ദിവസത്തിനകം അപക്ഷകന് നല്കാനും ഉത്തരവായി.