റാന്നി: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു കര്‍ഷകരെയും കൃഷിയെയും സംരക്ഷിക്കാന്‍ കേരളത്തിന് മുന്നിലേക്ക് ഒരു റാന്നി മാതൃക. വന്യമൃഗങ്ങളുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് സമഗ്ര പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്ക് ആദ്യഘട്ടമായി 50 ലക്ഷം രൂപ എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് അനുവദിച്ചു. കേരളത്തില്‍ എംഎല്‍എ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് ഇത്തരത്തില്‍ പദ്ധതി നടപ്പാക്കുന്നത് ആദ്യമാണെന്നും എംഎല്‍എ പറഞ്ഞു.
പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച് ജനകീയാഭിപ്രായം തേടുന്നതിന് മുന്നോടിയായി ജനപ്രതിനിധികളുടെയും കര്‍ഷക സംഘടനകളുടെയും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം മൂന്നുമേഖലകളിലും വിളിച്ചുചേര്‍ത്തിരുന്നു.
പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാകും വന്യജീവി പ്രതിരോധത്തിനുള്ള രൂപരേഖ തയ്യാറാക്കുന്നത്. ഈ സ്ഥലങ്ങളില്‍ സൗരവേലിയോ, മറ്റ് പ്രതിരോധമാര്‍ഗങ്ങളോ നിര്‍മിച്ചാല്‍ അവയുടെ തുടര്‍ന്നുള്ള പരിപാലനവും സംരക്ഷണവും ആണ് പ്രധാനം. ഇതിനുള്ള പരിശീലനം വനംവകുപ്പ് പ്രദേശവാസികള്‍ക്ക് നല്‍കാനാണ് ലക്ഷ്യമിടുന്നത്.
പെരുനാട്, വടശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളില്‍ കാട്ടുമൃഗശല്യം കൂടുതലായി അനുഭവപ്പെടുന്ന മേഖലകളിലാണ് ഒന്നാംഘട്ടമായി പദ്ധതിക്കു തുടക്കമാകുന്നത്. തുടര്‍ന്ന് മറ്റു പഞ്ചായത്തുകളിലും പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി സൗരവേലി, കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് എം.എല്‍.എ. പറഞ്ഞു.
വടശ്ശേരിക്കര ഭാഗത്ത് മൃഗങ്ങളുടെ ആക്രമണം പ്രതിരോധിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ഉപസമിതി രൂപവത്കരിച്ചു. ഉപസമിതി യോഗംചേര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ദേശം നല്‍കും. നേരത്തേ സൗരവേലി കെട്ടിയ ഭാഗങ്ങളില്‍ സംരക്ഷണമില്ലാത്തത് പദ്ധതിയുടെ പരാജയത്തിന് ഇടയാക്കിയതായി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.
വിവിധ സ്ഥലങ്ങളില്‍ നടന്ന യോഗങ്ങളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ലത മോഹന്‍, സോണിയ മനോജ്, ജില്ലാപഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ഡി.എഫ്.ഒ. ജയകുമാര്‍ ശര്‍മ, റേഞ്ച് ഓഫീസര്‍ ബി.ദിലീഫ്, എ.എസ്.അശോക് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.