പത്തനംതിട്ട: കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായി സജി അലക്സ് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. അഖില കേരള ബാലജനസഖ്യത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്.
1986ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി പരുമല പമ്പ കോളേജിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സജി അലക്സ് സംസ്ഥാന ജനറൽ സെക്രട്ടറിയായും ഓഫീസ് ചാർജുള്ള ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയറ്റ് എന്നീ ഘടകങ്ങളിൽ അംഗമായി. 2015 ൽ പുളിക്കീഴ് ഡിവിഷനിൽ നിന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പ്ലാനിങ് കമ്മിറ്റിയിലും അംഗമായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റിയംഗം, പരുമല സെൻറ് ഗ്രിഗോറിയോസ് മിഷൻ ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, കേരള മൗണ്ടനീറിങ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
തിരുവല്ല വളഞ്ഞവട്ടം ഇട്ടിയംപറമ്പിൽ റിട്ടയേർഡ് ഗവണ്മെന്റ് ഹൈ സ്കൂൾ ഹെഡ്മാസ്റ്റർ പി കെ അലക്സാണ്ടറുടെയും റിട്ടയേഡ് ജില്ലാ രജിസ്ട്രാർ പരേതയായ പി സി അമ്മിണിഅമ്മയുടെയും മകനാണ്. ഭാര്യ: ഹയർ സെക്കൻഡറി അധ്യാപികയായിരുന്ന ലീന സൂസൻ ഉമ്മൻ. നോഹൽ, നിക്കി എന്നിവർ മക്കളാണ്.