പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ നിലപാട് കടുപ്പിച്ച് പത്തനംതിട്ടയിലെ സിപിഎം ജില്ലാ ഘടകം. നവീന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ജില്ലാ ഘടകം സംഭവത്തില്‍ കണ്ണൂര്‍ കളക്ടറുടെ നടപടികളില്‍ കൂടി ഗൂഢാലോചന ആരോപിച്ചതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.
വേണ്ടെന്നു പറഞ്ഞിട്ടും നവീന്‍ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതും അത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സൗകര്യാര്‍ത്ഥം രാവിലെ നടത്താനിരുന്നത് വൈകിട്ടത്തേയ്ക്ക് മാറ്റിവച്ചതും കളക്ടറുടെകൂടി അറിവോടെയായിരുന്നെന്ന ആരോപണം കുടുംബം ഉന്നയിച്ചിട്ടുണ്ട്. അതേ ആരോപണമാണ് സിപിഎം ജില്ലാ ഘടകവും ഏറ്റുപിടിച്ചിരിക്കുന്നത്.
പാര്‍ട്ടി കുടുംബമായിരുന്നിട്ടും അതൊന്നും പരിഗണിക്കാതെ സത്യസന്ധനായ നവീന്‍ ബാബുവിനെതിരെ ഗൂഢാലോചന നടത്തി അഴിമതി ആരോപണം ഉന്നയിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ കാണിച്ച തോന്ന്യാസത്തിന് അനുഭവിക്കേണ്ടിവരുന്നത് പത്തനംതിട്ടയിലെ പാര്‍ട്ടി ആണെന്നാണ് ജില്ലാ ഘടകത്തിന്‍റെ നിലപാട്.
/sathyam/media/media_files/2024/10/18/dPqiGHbaN1iTggHM7sg2.jpg)
പി.പി ദിവ്യ കാണിച്ച അഹങ്കാരത്തിന് പത്തനംതിട്ടയിലെ സിപിഎം ജനപ്രതിനിധികള്‍ ഉത്തരവാദികളാകരുതെന്ന വികാരമാണ് ജില്ലാ ഘടകത്തിനുള്ളത്.
പത്തനംതിട്ടയിലെ പാര്‍ട്ടി നിലപാടിന്‍റെകൂടി പ്രതിഫലനമായിരുന്നു പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയില്‍ നിന്നും നീക്കാന്‍ സിപിഎം എടുത്ത പെട്ടെന്നുള്ള തീരുമാനം. ദിവ്യയുടെയും പ്രശാന്തന്‍റെയും കാര്യത്തിലും പത്തനംതിട്ടയിലെ സിപിഎം പിന്നോട്ടില്ലെന്നാണ് സൂചന.