പത്തനംതിട്ട: മകരവിളക്ക് ദർശനത്തിന് ശേഷം തീർഥാടകർക്ക് മടങ്ങാൻ പമ്പയിൽ നിന്ന് 800 ബസുകൾ ക്രമീകരിച്ച് കെഎസ്ആർടിസി. 450 ബസുകൾ പമ്പ-നിലയ്ക്കൽ ചെയിൻ സർവീസ് നടത്തും. പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ ഞായറാഴ്ച രാത്രി എത്തിക്കുന്ന ബസ് പിന്നീട് പമ്പയിലേക്ക് തിരിക്കും.
മകര വിളക്ക് സമയത്തെ തിരക്ക് കണക്കിലെടുത്തുകൊണ്ട് ദീർഘദൂര സർവീസുകൾ നടത്തും. മകരജ്യോതി ദർശനത്തിന് ശേഷം അട്ടത്തോട്ടിൽ നിന്ന് തീർഥാടകരെ നിലയ്ക്കൽ എത്തിക്കുന്നതിന് ബസുകൾ ഏർപ്പെടുത്തും. 350 ബസ് ദീർഘദൂര സർവീസിനുമാണ് ഒരുക്കിയിരിക്കുന്നത്. മകരജ്യോതി ദർശനത്തിന് ശേഷം 20ന് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുണ്ടാകും.
ജനുവരി ഏഴ് വരെ വിവിധ ഡിപ്പോകളിൽ നിന്നായി 14,111 ദീർഘദൂര ട്രിപുകൾ പമ്പയിൽ എത്തുകയും 14,156 ട്രിപ്പുകൾ വിവിധ ഭാഗങ്ങളിലേക്ക് പോകുകയും ചെയ്തു. നട തുറന്ന ശേഷം 4624 ബസ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്. പമ്പ -ചെങ്ങന്നൂർ റൂട്ടിലാണ് ഏറ്റവും കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തിയത്. വിവിധ ഡിപ്പോകളിൽ നിന്ന് 604 കണ്ടർക്ടർമാരും 668 ഡ്രൈവർമാരും ഇവിടെ സേവനത്തിനുണ്ട്.