പത്തനംതിട്ട: ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മദ്യം വായിലൊഴിച്ച് മര്‍ദിച്ചുവെന്ന് പരാതി. പത്തനംതിട്ട അടൂരിലാണ് സംഭവം. കുട്ടിയുടെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയായ സഹോദരനോട് വൈരാഗ്യമുള്ളവരാണ് തട്ടിക്കൊണ്ടുപോയി മർദിച്ചതിന് പിന്നിലെന്ന് പിതാവ് ആരോപിച്ചു.
ഞായാറാഴ്ച്ച രാത്രി 9 മണിക്ക് വീടിന്റെ പരിസരത്ത് നിന്നാണ് വിദ്യാര്‍ഥിയെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. സംഘം കുട്ടിയെ കഠിനമായി മര്‍ദിച്ച് അവശനാക്കുകയും വീടിന്റെ പരിസരത്ത് ഇറക്കിവിടുകയുമായിരുന്നു. ശേഷം വീട്ടുകാർ കുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എളമണ്ണ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തട്ടികൊണ്ട് പോയ കുട്ടിയുടെ സഹോദരന്‍.
മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ സഹോദരനും സഹപാഠികളും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. ഇത് അധ്യാപകര്‍ ഇടപെട്ട് ക്ലാസ് മുറിയില്‍ വെച്ച് തന്നെ പരിഹരിച്ചിരുന്നു. ഈ സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. പോലീസ് വിദ്യാര്‍ഥിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.