999 മല വിളിച്ചു ചൊല്ലി കോന്നി കല്ലേലിക്കാവില്‍ പത്താമുദയ മഹോത്സവം ഏപ്രിൽ 14 മുതൽ 23 വരെ

New Update
kalleli kavu pathamudaya maholsavam

പത്തനംതിട്ട: ചരിത്ര സത്യങ്ങളെ വെറ്റില താലത്തിൽ സാക്ഷി വെച്ച് പൂർവ്വികരെ സ്മരിച്ചു കൊണ്ട് 999 മലകൾക്ക് മൂല സ്ഥാനം വഹിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ ഈ വർഷത്തെ പത്താമുദയ മഹോത്സവം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല എന്നിവ ഏപ്രിൽ 14 മുതൽ 23 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisment

ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ഉണര്‍ത്തു പാട്ടും ഉറക്കുപാട്ടും കല്ലും കല്ലന്‍ മുളയും കമുകിന്‍ പാളയും പച്ചിരുമ്പും തുടിതാളം ഉണര്‍ത്തി ആദിമ ജനതയുടെ പൂജയും വഴിപാടും മലയ്ക്ക് സമര്‍പ്പിച്ച് കൊണ്ട് പത്തു ദിന മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കരിക്ക് ഉടച്ച് വിഷു ദിനത്തിൽ മലക്കൊടി ദർശനത്തോടെ തുടക്കം കുറിക്കും. വിഷു ദിനത്തില്‍ കാട്ടുപൂക്കളും കാട്ടുവിഭവങ്ങളും ചുട്ട വിളകളും കര്‍ണ്ണികാരവും ചേര്‍ത്ത് വിഷുക്കണി ഒരുക്കും.

kalleli kavu pathamudaya maholsavam-3

നിത്യവും ഏഴര വെളുപ്പിനെ മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ ,കാവ് ആചാരത്തോടെ മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം താംബൂല സമര്‍പ്പണം സ്വർണ്ണ മലക്കൊടിയ്ക്ക് തിരു മുന്നില്‍ നാണയപ്പറ, മഞ്ഞള്‍പ്പറ, താമര പ്പറ, അന്‍പൊലി, കുരുമുളക് പറ, നെൽപ്പറ, നാളികേരപ്പറ, അടയ്ക്കാപ്പറ, എള്ള് പറ, അവിൽ പറ എന്നിവ സമർപ്പിക്കും. 

ഒന്നാം മഹോത്സവ ദിനമായ വിഷുവിനു രാവിലെ 7 മണിയ്ക്ക് പത്താമുദയ മഹോല്‍സവത്തിന് തുടക്കം കുറിച്ച് ഊരാളി ശ്രേഷ്ഠമാരുടെ കാര്‍മ്മികത്വത്തില്‍ മലയ്ക്ക് പടേനി, ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, പ്രകൃതി സംരക്ഷണ പൂജ, വാനര ഊട്ട്, മീനൂട്ട്, പ്രഭാത പൂജ, നിത്യ പൂജ, കല്ലേലി കൗള ഗണപതി പൂജ, 9 മണിമുതൽ നിത്യ അന്നദാനം, വൈകിട്ട് 6 മണിയ്ക്ക് 41 തൃപ്പടി പൂജ തുടർന്ന് ദീപാരാധന, ദീപ നമസ്കാരം, ദീപക്കാഴ്ച്ച, ചെണ്ട മേളം, രാത്രി 8 മുതല്‍ ചരിത്ര പുരാതനമായ കുംഭ പാട്ട്. 

രണ്ടാം മഹോല്‍സവം മുതല്‍ ഒമ്പതാം മഹോല്‍സവം വരെ വിശിഷ്ട വ്യക്തികൾ ഭദ്ര ദീപം തെളിയിച്ച് ഉത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് പതിവ് പൂജകള്‍ക്ക് പുറമെ വടക്കന്‍ ചേരി വല്യച്ഛന്‍ പൂജ, കുട്ടിച്ചാത്തൻ പൂജ, ഹരി നാരായണ പൂജ, വന ദുർഗ്ഗയമ്മ-പരാശക്തിയമ്മ പൂജ, 999 മല പൂജ, മൂർത്തി പൂജ, പാണ്ടി ഊരാളി അപ്പൂപ്പൻ പൂജ, കൊച്ചു കുഞ്ഞ് അറുകൊല പൂജ, യക്ഷി അമ്മ പൂജ, ഭാരതപൂങ്കുറവന്‍ അപ്പൂപ്പൻ ഭാരതപൂങ്കുറത്തി അമ്മൂമ്മ പൂജ, നാഗ പൂജ, ആയില്യം പൂജ, അഷ്ട നാഗ പൂജ, നാഗ പാട്ട്  എന്നിവ നടക്കും.

ഒന്‍പതാം മഹോല്‍സവ ദിനമായ ഏപ്രില്‍ 22 ചൊവ്വ ദിനത്തില്‍ രാവിലെ 4 മണിക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി കാവ് ആചാരത്തോടെ  മലയ്ക്ക് കരിക്ക് പടേനി താംബൂല സമര്‍പ്പണം . രാവിലെ 8 .30 നു ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ , പ്രകൃതി സംരക്ഷണ പൂജ , വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ ,10 മണിക്ക് സമൂഹ സദ്യ ,
ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ ദേശത്തെ സമിതികൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും വിവിധ കലാപരിപാടികളും,വൈകിട്ട് 6 മണി മുതൽ 41 തൃപ്പടി പൂജ, ദീപ നമസ്കാരം, വൈകിട്ട് 7 മണിയ്ക്ക് നൃത്ത നാടകം, രാത്രി 10 മണി മുതൽ വിൽക്കലാമേള തുടർന്ന് നാടൻ പാട്ടും നാട്ടുകലകളും പാട്ടരങ്ങ്.

പത്താമുദയ മഹോല്‍സവ ദിനമായ ഏപ്രില്‍ 23 ബുധന്‍ രാവിലെ 4 മണിക്ക് മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം, മക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍, രാവിലെ 7 മണിക്ക് പത്താമുദയ വലിയ കരിക്ക് പടേനി, 8.30 ന് ഉപ സ്വരൂപപൂജകൾ, വാനരഊട്ട് മീനൂട്ട്, മലക്കൊടി പൂജ, മവില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ, കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം.

തുടർന്ന് 9 മണിയ്ക്ക് പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാലയ്ക്ക് പത്തനംതിട്ട ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ  ഭദ്ര ദീപം തെളിയിച്ച് സമർപ്പിക്കും.പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ, ചലച്ചിത്ര മേഖലയിൽ നിന്നും അഞ്ജലി നായർ, മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ ആശംസകൾ അർപ്പിക്കും. 10 മണി മുതൽ സമൂഹ സദ്യ, 11 മണി മുതൽ 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ തുടർന്ന് ആനയൂട്ട്.

kalleli kavu pathamudaya maholsavam-2

രാവിലെ 11 മണിക്ക്  കല്ലേലി സാംസ്കാരിക സദസ്സ് കേന്ദ്ര സഹ മന്ത്രി അഡ്വ. ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും, കാവ് സെക്രട്ടറി സലീംകുമാര്‍ കല്ലേലി സ്വാഗതം പറയും, പ്രസിഡണ്ട് അഡ്വ സി വി ശാന്തകുമാര്‍ അധ്യക്ഷത വഹിക്കും.  

എം പിമാരായ ആന്‍റോ ആന്‍റണി, അഡ്വ അടൂർ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ബി ജെ പി ദേശീയ കൗൺസ്സിൽ അംഗം കെ. സുരേന്ദ്രൻ എന്നിവർ വിവിധ സംഗമം ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരായ അഡ്വ ഹരിദാസ് ഇടത്തിട്ട, കെ. പത്മകുമാർ, മനോഹരൻ, പ്രൊഫ. സതീഷ് കൊച്ചപറമ്പിൽ, അഡ്വ. രാജു എബ്രഹാം, അഡ്വ വി എ സൂരജ്, മഞ്ജു നാഥു വിജയ്, അഡ്വ ജിതേഷ്, അഡ്വ റ്റി എ ച്ച് സിറാജുദീൻ, സി എസ് സോമൻ, കുറുമ്പകര രാമകൃഷ്ണൻ, രഞ്ജിത്ത് എസ് എന്നിവർ സംസാരിക്കും.

ജനപ്രിയ താരങ്ങളായ സുജിത്ത് കോന്നി, രാജേഷ് കൊട്ടാരത്തിൽ, ഹരി ഉതിമൂട് എന്നിവരെ ആദരിക്കും.അഡ്മിനിസ്സ്ട്രേറ്റീവ് ഓഫീസർ സാബു കുറുമ്പകര നന്ദി രേഖപ്പെടുത്തും.

ഉച്ചയ്ക്ക് 2 മണി മുതൽ വിവിധ കലാപരിപാടികൾ, വൈകിട്ട് 6 മുതൽ 41 തൃപ്പടിപൂജ, അച്ചൻ കോവിൽ നദിയിൽ കല്ലേലി വിളക്ക് തെളിയിക്കൽ, ദീപാരാധന ദീപക്കാഴ്ച്ച, ചെണ്ടമേളം, പത്താമുദയ ഊട്ട്.

രാത്രി 8 മുതൽ നൃത്ത വിസ്മയം, രാത്രി 10 മുതൽ പാട്ടും കളിയും കുംഭപ്പാട്ട്, ഭാരതക്കളി, പടയണി ക്കളി, തലയാട്ടം കളി എന്നിവ നടക്കുമെന്ന് ഉത്സവ ആഘോഷകമ്മറ്റി ചെയർമാൻ ജയൻ എം ആർ, കൺവീനർ മോനി ആർ, പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിം കുമാർ കല്ലേലി, പി ആർ ഒ ജയൻ കോന്നി എന്നിവർ അറിയിച്ചു.

Advertisment