പത്തനംതിട്ട: നാറാണമൂഴിയിൽ അധ്യാപികയുടെ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്യില്ലെന്ന് സ്കൂൾ മാനേജ്മെന്റ്.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥർ ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ച രേഖകൾ സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു.
വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻമന്ത്രി ജി സുധാകരൻ രംഗത്തെത്തി.
പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തത് ഭരണകൂടത്തിന്റെ പരാജയമെന്ന് സുധാകരൻ തുറന്നടിച്ചു.
ഷിജോയുടെ ആത്മഹത്യയിൽ എയ്ഡഡ് സ്കൂൾ പ്രഥമ അധ്യാപികക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ്മെന്റിന് നിർദ്ദേശം നൽകിയിരുന്നു.
ഈ നിർദ്ദേശം തള്ളിയാണ് മാനേജ്മെന്റ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഷിജോയുടെ ഭാര്യ ലേഖ രവീന്ദ്രന് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി വിധി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്ന വിധിയിൽ രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
എന്നാൽ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഉത്തരവ് ഇറങ്ങിയത്. അതിനുശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നൽകി.
കുടിശ്ശിക കൂടി ലഭിക്കമെങ്കിൽ ഡിഇ ഓഫീസിൽ നിന്ന് ഒതൻറിഫിക്കേഷൻ നൽകണമായിരുന്നു. പലവട്ടം കത്ത് നൽകിയിട്ടും നടപടി വൈകിപ്പിച്ചെന്ന് സ്കൂൾ മാനേജർ പറയുന്നു.
ഷിജോ ജീവനൊടുക്കിയതിൻറെ അടുത്ത ദിവസം നാറാണമൂഴി സെൻറ് ജോസഫ്സ് സ്കൂൾ പ്രഥമ അധ്യാപികയെ സമ്മർദ്ദം ചെലുത്തി പുതിയൊരു കത്ത് ഡിഡി വാങ്ങി.
പ്രഥമ അധ്യാപികയായ അഞ്ജു അടുത്തിടെ മാത്രമാണ് തസ്തികയിലെത്തിയത്. നിമയപരമായി നീങ്ങിയ പ്രഥമ അധ്യാപികക്ക് സംരക്ഷണം തീർക്കാനാണ് മാനേജ്മെൻറ് തീരുമാനം.
ഡിഇ ഓഫീസ് ഉദ്യോദസ്ഥർക്കെതിരെ മരിച്ച ഷിജോയുടെ കുടുംബം വീണ്ടും ഹൈക്കോടതിയിൽ പോകുന്നുണ്ട്. അതിൽ കക്ഷി ചേർന്ന് നിരപരാധിത്വം തെളിയിക്കാനാണ് സ്കൂൾ അധികൃതരുടെ നീക്കം.