പത്തനംതിട്ട: പത്തനംതിട്ട ഇളമണ്ണൂരില്‍ പാറ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് നിരവധി വാഹനങ്ങളില്‍ ഇടിച്ചു. കോണ്‍ക്രീറ്റ് മിക്‌സിങ് മെഷീന്‍ ലോറി, ടാങ്കര്‍ ലോറി, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് ഇടിച്ചത്.
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇതിനെ തുടര്‍ന്ന് കായംകുളം- പുനലൂര്‍ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി.
ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. അതേസമയം, ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് സിഎന്‍ജി ടാങ്കറില്‍ നിന്ന് വാതകം ചോര്‍ന്നു എന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു.
ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് പരിശോധന നടത്തി. വിശദമായ പരിശോധനയില്‍ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് സംഘം കണ്ടെത്തി. അപകട സ്ഥലത്തുനിന്നും വാഹനങ്ങള്‍ നീക്കിയിട്ടുണ്ട്.