പത്തനംതിട്ട: അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍മാരുടെ സേവന വേതന വ്യവസ്ഥ പരിഷ്‌കരിക്കാന്‍ പ്രത്യേകം കമ്മിറ്റി രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മെഴുവേലി മുള്ളന്‍വാതുക്കല്‍ 72 - ാം നമ്പര്‍ അങ്കണവാടിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കമ്മിറ്റി റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. അങ്കണവാടി ജീവനക്കാര്‍ക്ക് കൂടുതല്‍ വേതനം നല്‍കുന്നത് കേരളത്തിലാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുന്നതിനാണ് വനിതാ ശിശു വികസന വകുപ്പ് സര്‍ക്കാര്‍ പ്രത്യേകമായി രൂപീകരിച്ചത്.
സംസ്ഥാനത്തെ 33,120 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.
കുട്ടിയുടെ ശാരീരിക, മാനസിക, ബൗധിക വളര്‍ച്ചയില്‍ ആദ്യത്തെയും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തന്ന ഇടങ്ങളാണിവ. 215 സ്മാര്‍ട്ട് അങ്കണവാടികളുടെ നിര്‍മാണം പുരോഗമിക്കുന്നു.
2400 അങ്കണവാടികള്‍ വൈദ്യുതീകരിച്ചു. ഈ വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം മുട്ടയും പാലും നല്‍കും.
പ്രത്യേകം ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്ക് വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കുന്ന 'കാവല്‍ പ്ലസ്' പോലുള്ള പദ്ധതി രാജ്യത്തിന് മാതൃകയെന്ന് സുപ്രീം കോടതി വിലയിരുത്തിയിട്ടുണ്ട്.
പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പോഷകാഹാരം ക്രമീകരിച്ച് നല്‍കുന്നതിനുള്ള പരിഷ്‌കരിച്ച മാതൃക ഭക്ഷണ മെനു മന്ത്രി പ്രകാശനം ചെയ്തു.
കുട്ടികളുടെ വളര്‍ച്ച നിരിക്ഷീച്ച് അവലോകനം ചെയ്യുന്നതിന് വകുപ്പ് തയ്യാറാക്കിയ കുഞ്ഞൂസ് കാര്‍ഡ് വിതരണം, വെല്‍ക്കം കിറ്റ്, സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ വഴി നല്‍കിയ ബാഗുകളുടെ വിതരണം എന്നിവ മന്ത്രി നിര്‍വഹിച്ചു.
അങ്കണവാടിയില്‍ നിന്ന് ഈ അധ്യയന വര്‍ഷം സ്‌കൂളിലേക്ക് പോകുന്ന കരുന്നുകള്‍ക്കായി പ്രത്യേക പരിപാടിയും നടന്നു.