പട്ടാമ്പി നിയോജകമണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ വൈജ്ഞാനിക നിയോജകമണ്ഡലമായി ഉയർത്തും. 'മാനസമിത്ര' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു

സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ–കേരള, എസ്‍സിഇആർടി എന്നിവയെയും കോഴിക്കോട് ഇംഹാൻസിലെ വിദഗ്ധരെയും ഏകോപിപ്പിച്ചാണ് നടപ്പിലാക്കുന്നത്.

New Update
job

പട്ടാമ്പി: പട്ടാമ്പി നിയോജകമണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ വൈജ്ഞാനിക നിയോജകമണ്ഡലമായി ഉയർത്തുന്നതിന്റെ ഭാഗമായി ആവിഷ്കരിച്ച 'മാനസമിത്ര' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. 

Advertisment

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിൻ മുൻകൈയെടുത്ത് തയ്യാറാക്കിയ പദ്ധതിയുടെ രൂപരേഖ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കാണ് കൈമാറിയത്. 


സ്കൂൾ കുട്ടികളുടെയും യുവാക്കളുടെയും മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടുള്ള ഈ ബൃഹദ് പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോൾ–കേരള, എസ്‍സിഇആർടി എന്നിവയെയും കോഴിക്കോട് ഇംഹാൻസിലെ വിദഗ്ധരെയും ഏകോപിപ്പിച്ചാണ് നടപ്പിലാക്കുന്നത്.


വിദ്യാർഥികൾക്കിടയിൽ വർധിച്ചുവരുന്ന അക്കാദമിക് സമ്മർദ്ദം, ഉത്കണ്ഠ, ലഹരി ഉപയോഗം, ഡിജിറ്റൽ അഡിക്ഷൻ തുടങ്ങിയ വെല്ലുവിളികളെ ശാസ്ത്രീയമായി പ്രതിരോധിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 

2024–ൽ പട്ടാമ്പിയിൽ നടന്ന 'യൂത്ത് സമിറ്റിൽ' പങ്കെടുത്ത യുവാക്കളിൽ 69 ശതമാനവും മാനസികാരോഗ്യ പരിചരണത്തിന്റെ ആവശ്യകത ഉന്നയിച്ചിരുന്നു. 


ഈ വസ്തുത പരിഗണിച്ചാണ് ഇംഹാൻസ് ഡയറക്ടർ ഡോ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘവുമായി ചർച്ചകൾ നടത്തിയും അധ്യാപകർക്ക് പരിശീലനം നൽകിയും 'മാനസമിത്ര' രൂപീകരിച്ചത്.


ഇംഹാൻസ് അംഗീകരിച്ച പ്രത്യേക സിലബസ്, പരിശീലന മോഡ്യൂളുകൾ, ഗവേഷണ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഇപ്പോൾ സമർപ്പിച്ച സമ്പൂർണ്ണ ഡോക്യുമെന്റ്. 

സ്കൂൾ തലത്തിൽ മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കാവുന്ന ഈ പദ്ധതിയുടെ സാധ്യതകൾ സർക്കാർ ഗൗരവത്തോടെ പരിശോധിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

കുട്ടികളുടെ മാനസിക നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം ഇടപെടലുകൾ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് സമർപ്പണ ചടങ്ങിൽ സ്കോൾ–കേരള എക്സിക്യൂട്ടീവ് ഡയറക്ടർ ജിനേഷ് കുമാർ എരമം സംബന്ധിച്ചു.

Advertisment