/sathyam/media/media_files/2025/12/09/pc-george-2025-12-09-17-35-51.jpg)
കോട്ടയം: വോട്ടിങ് മെഷീനില്‍ നോട്ടയില്ലാത്തതിനെതിരെ ബിജെപി നേതാവ് പി.സി ജോര്‍ജ് പ്രതികരിച്ചിരുന്നു. നോട്ടയില്ലാത്തത് വൃത്തികെട്ട തെരഞ്ഞെടുപ്പ് സമ്പ്രദായമണെന്നായിരുന്നു ജോർജ് ക്ഷുഭിതനായി പറഞ്ഞത്.
പി.സി ജോര്‍ജിന്റെ വാര്‍ഡില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. ഇതോടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയത്. അതേ സമയം, ഇഷ്ടപ്പെട്ടൊരാള്‍ക്ക് വോട്ട് ചെയ്തെന്നും ഇലക്ഷന്‍ കമ്മീഷന്റേത് വിവരക്കേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇതോടെ സോഷ്യൽ മീഡിയയിൽ പി.സി ജോർജ് പരിഹാസം ഏറ്റുവാങ്ങുകയാണ്. സ്വന്തം വീടിരിക്കുന്ന വാർഡിൽ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ നിങ്ങൾ എന്ത് നേതാവെന്നാണ് ട്രോളുകളും കമൻ്റുകളും.
ചിലർ സ്ഥാനാർഥിയെ കണ്ടെത്താൻ പറ്റിയില്ലെന്നത് പോട്ടെ ബാലറ്റിൽ ‘നോട്ട’ എന്ന ഓപ്ഷനു പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്‌പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം എന്നതു നേതാവിന് അറിയില്ലേ എന്നു ചോദിക്കുന്നവരും ഏറെ.
ഒരു സ്ഥാനാർഥിയോടും താത്പര്യമില്ലാത്ത വോട്ടർമാർക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള ‘ഓപ്ഷ’നാണ് ‘നോട്ട’. ‘None of the above’ എന്നതിന്റെ ചുരുക്കപ്പേരാണ് നോട്ട.
ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റിൽ സ്ഥാനാർഥികൾക്കൊപ്പം നോട്ടയുമുണ്ട്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ ‘നോട്ട’ ബൂത്തിനുപുറത്താണ്.
ബാലറ്റിൽ ‘നോട്ട’ എന്ന ഓപ്ഷൻ ഇല്ല. പകരം ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാർഥികളിൽ ആർക്കും വോട്ടുചെയ്യാൻ താത്‌പര്യമില്ലെങ്കിൽ ‘എൻഡ്’ ബട്ടൺ അമർത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് ‘എൻഡ് ബട്ടൺ’ ഉള്ളത്.
ഇഷ്ടമുള്ള ഒരു സ്ഥാനാർഥിക്കുമാത്രം വോട്ടുചെയ്തശേഷം ‘എൻഡ് ബട്ടൺ’ അമർത്താനും അവസരമുണ്ട്. ഉദാഹരണത്തിന് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാർഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാർഥികളെ ഒഴിവാക്കി എൻഡ് ബട്ടൺ അമർത്തി മടങ്ങാം.
വോട്ടർ എൻഡ്ബട്ടൺ അമർത്തിയില്ലെങ്കിൽ പോളിങ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കണം. എന്നാൽ, മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ബാലറ്റിൽ എൻഡ് ബട്ടണില്ല.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരമാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. നോട്ട ഉൾപ്പെടുത്തണമെങ്കിൽ നിയമങ്ങളും അവയുടെ ചട്ടങ്ങളും ഭേദഗതി ചെയ്യണം.
വോട്ടിങ് യന്ത്രത്തിൽ ‘നോട്ട’ ഉൾപ്പെടുത്താൻ 2013-ൽ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. ഇത് കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിഷൻ അംഗീകരിച്ചു. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട വന്നത്.
2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്തത്. ഇന്ത്യക്കു പുറമേ, ഗ്രീസ്, അമേരിക്ക, യുക്രൈൻ, സ്പെയിൻ തുടങ്ങി ചില രാജ്യങ്ങളിൽ ഈ സംവിധാനം നിലവിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us