പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നില്ല. ഡി.എ കുടിശിക കുമിഞ്ഞുകൂടുന്നു. ജീവനക്കാര്‍ സര്‍ക്കാരിന്റെ എതിര്‍ചേരിയില്‍. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സമ്മേളനത്തില്‍ ജീവനക്കാരുടെ വന്‍ പങ്കാളിത്തം. യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും നൂതനമായ സെക്രട്ടേറിയറ്റ് സംവിധാനമായി ഭരണസിരാകേന്ദ്രത്തെ മാറ്റുമെന്ന് വി.ഡി സതീശന്‍. ഭരണപക്ഷ യൂണിയനില്‍ നിന്ന് വന്‍തോതില്‍ കൊഴിഞ്ഞുപോക്ക്‌

രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം അനുവദിച്ചില്ല.

New Update
social security pension-2

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷനില്‍ തീരുമാനമെടുക്കാതിരിക്കുകയും ഡി.എ കുടിശികയടക്കം ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതോടെ ജീവനക്കാര്‍ കൂട്ടത്തോടെ സര്‍ക്കാരിന് എതിരാവുന്നു. സെക്രട്ടേറിയറ്റ് അസോസിയേഷന്റെ സമ്മേളനത്തില്‍ വന്‍തോതില്‍ ജീവനക്കാരുടെ പങ്കാളിത്തമുണ്ടായിരുന്നത് ഇതിന് തെളിവാണ്. 

Advertisment

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ ഏറ്റവും നൂതനമായ സെക്രട്ടേറിയറ്റ് സംവിധാനമായി ഭരണസിരാകേന്ദ്രത്തെ മാറ്റിയെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം. എല്ലാ കാലത്തും ഇടത് അനുകൂല യൂണിയനാണ് സെക്രട്ടേറിയറ്റില്‍ മുന്‍തൂക്കം. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് യൂണിയനില്‍ നിന്ന് കൊഴിഞ്ഞുപോക്ക് വ്യാപകമാണ്.


പങ്കാളിത്ത പെന്‍ഷനില്‍ ഇനിയും തീരുമാനമില്ലെങ്കിലും സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും പുതിയ ഏകീകൃത പെന്‍ഷന് ഉടനടി അംഗീകാരം നല്‍കിയ സര്‍ക്കാര്‍ നടപടിയും ജീവനക്കാരെ ചൊടിപ്പിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഏപ്രിലിലാണ് ഏകീകൃത പെന്‍ഷന്‍ പ്രഖ്യാപിച്ചത്. അന്ന് തന്നെ തങ്ങള്‍ക്കും അത് നടപ്പാക്കണമെന്ന് സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. 

അത് ഉടന്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ പങ്കാളിത്ത പെന്‍ഷനില്‍ സര്‍ക്കാരിന് ഇനിയും തീരുമാനമെടുക്കാനായില്ല. സംസ്ഥാനത്തെ 5.15 ലക്ഷം ജീവനക്കാരില്‍ 1.98ലക്ഷം പേര്‍ ഇതിനകം പങ്കാളിത്ത പെന്‍ഷനിലാണ്. പങ്കാളിത്ത പെന്‍ഷനില്‍ പത്തു ശതമാനമേ സര്‍ക്കാര്‍ വിഹിതമുള്ളൂ.

social security pension

വിരമിച്ചശേഷം നല്ലൊരു ശതമാനം ജീവനക്കാര്‍ക്കും നാമമാത്ര പെന്‍ഷനേ ലഭിക്കുന്നുള്ളൂവെന്നാണ് പ്രശ്‌നം. ഇതു പരിഹരിക്കാന്‍ സര്‍വീസില്‍ അവസാന 12 മാസത്തെ ശരാശരി ശമ്പളത്തിന്റെ പകുതി പെന്‍ഷനായി ലഭിക്കുന്ന തരത്തില്‍ കേന്ദ്രം യുപിഎസ് നടപ്പാക്കിയത്. 2023ലെ ബജറ്റില്‍ 'ഉറപ്പായ പെന്‍ഷന്‍' നടപ്പാക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ ഇതുവരെ കാര്യമായ ശ്രമമുണ്ടായിരുന്നില്ല. 


പങ്കാളിത്ത പെന്‍ഷന് പകരമൊരു പദ്ധതിയെക്കുറിച്ചു പഠിക്കാന്‍ ധനമന്ത്രിയും നിയമമന്ത്രിയും ചീഫ് സെക്രട്ടറിയും അംഗങ്ങളായ സമിതിയെ നിയമിച്ചെങ്കിലും ഇതുവരെ തീരുമാനങ്ങളെടുത്തിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2018ലാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കാന്‍ സമിതിയെ നിയമിച്ചത്.


ഈ സമിതി 2021 മാര്‍ച്ചില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് ധനവകുപ്പ് ആരംഭിച്ച ഫയലാണ് 2021 ജൂലൈ മുതല്‍ ധനവകുപ്പിലെത്തിയെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി തുടരാനാണ് തീരുമാനമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ വിഹിതം 10%ല്‍ നിന്ന് 14% ആയി വര്‍ദ്ധിപ്പിക്കുകയെങ്കിലും വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. അക്കാര്യത്തിലും സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. അതേസമയം സിവില്‍ സര്‍വ്വീസ് ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വിഹിതം 10%ല്‍ നിന്ന് 18.5% വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഇതില്‍ ജീവനക്കാര്‍ക്ക് പരാതിയുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഏകീകൃത പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറുകയാണെങ്കില്‍ ഇതുവരെ അടച്ച വിഹിതത്തില്‍ എന്ത് തീരുമാനമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ ആശങ്ക.


മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയില്‍ അതിലെ നിക്ഷേപത്തിന്റെ ഉറപ്പിന്‍മേല്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത വായ്പയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് തീരുമാനമെടുക്കുമെന്നും ആശങ്കയുണ്ട്.


പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയും ഏകീകൃത പെന്‍ഷന്‍ പദ്ധതിയും വേണ്ടെന്ന് വെച്ച് സാറ്റിയൂറ്ററി പെന്‍ഷനിലേക്ക് മാറിയാല്‍ വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്നാണ് ആശങ്ക.

ഏപ്രിലിലാണ് കേന്ദ്രത്തില്‍ യുപിഎസ് പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, ഒഡിഷ, ഉത്തരാഖണ്ഡ്, ഹരിയാണ സംസ്ഥാനങ്ങള്‍ യുപിഎസിലേക്കു മാറി. ഇവിടങ്ങളിലെ പദ്ധതിനിര്‍വഹണം പഠിച്ചശേഷം കേരളത്തിലെ പുതിയ പെന്‍ഷന്‍ രീതിയെകുറിച്ച് തീരുമാനമെടുക്കുമെന്നാണ് ധനവകുപ്പ് പറയുന്നത്.


മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ സംസ്ഥാനങ്ങളിലെ താരതമ്യ പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഉള്‍പ്പെട്ട സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2013 ഏപ്രില്‍ ഒന്നിനു ശേഷം സര്‍വീസിലെത്തിയവര്‍ക്കാണ് പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത്. 


pension uUntitled.jpg

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കുമെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. സര്‍വീസ് സംഘടനകളുടെ സമ്മര്‍ദം ശക്തമായപ്പോഴാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട് ലഭിച്ച് രണ്ടു വര്‍ഷമായിട്ടും നടപടികളുണ്ടായില്ല.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ തുടരുമെന്ന് ഓരോ വര്‍ഷവും സത്യവാങ്മൂലം നല്‍കുന്ന സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പയ്ക്ക് അനുമതി നല്‍കാമെന്ന് കേന്ദ്രം വ്യവസ്ഥ വച്ചിരുന്നു. ഇതുപ്രകാരം കേരളം കഴിഞ്ഞ വര്‍ഷം 1,700 കോടി രൂപ വായ്പയെടുത്തിരുന്നു. ഈ വര്‍ഷവും ഈ സഹായം കൈപ്പറ്റും. ഇതാണ് പദ്ധതി പിന്‍വലിക്കുന്നതിന് പ്രധാന തടസം. 


ജീവനക്കാര്‍ക്ക് ഉറപ്പായ പെന്‍ഷന്‍ (അഷ്വേര്‍ഡ് പെന്‍ഷന്‍) വേണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞിരുന്നതാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. ഉന്നതതല സമിതി ഇത് പഠിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കാന്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കത്തെഴുതുകയും ചെയ്തു. 


രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങള്‍ പങ്കാളിത്തപെന്‍ഷന്‍ പദ്ധതി മാറ്റുമെന്ന് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രം അനുവദിച്ചില്ല.

നിയമപരമായി ഇത് സാദ്ധ്യമല്ലെന്നാണ് കേന്ദ്രനിലപാടെന്നും ഉറപ്പായ പെന്‍ഷന്‍ വേണമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോവില്ലെന്നും മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. 

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2021 ജൂലൈയിലെ 3% ഡിഎ  പ്രഖ്യാപിച്ചെങ്കിലും ഇതിന്റെ കുടിശിക നല്‍കുന്ന കാര്യത്തില്‍ തീരുമാനമില്ല.  ഇപ്പോള്‍ പ്രഖ്യാപിച്ച 3% ഡിഎക്ക് 2021 ജൂലൈ മുതല്‍  40 മാസം കുടിശികയാണുള്ളത്. മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം വര്‍ദ്ധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറങ്ങിയിരുന്നു. 


ഇതോടെ ക്ഷാമബത്ത 15 ശതമാനമായി. പെന്‍ഷന്‍കാര്‍ക്ക് മൂന്ന് ശതമാനം ക്ഷാമ ആശ്വാസവും അനുവദിച്ചു. ജീവനക്കാര്‍ക്ക് ഏപ്രിലിലെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തി മേയ് മുതലും പെന്‍ഷന്‍കാര്‍ക്ക് ഏപ്രിലിലെ പെന്‍ഷനൊപ്പവും ലഭിക്കും. എന്നാല്‍ മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടില്ല. 


യു.ജി.സി ശമ്പളം ലഭിക്കുന്നവര്‍ക്ക് 4 ശതമാനം ഡി.എ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ 38 ശതമാനമായി ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ ലഭിച്ചു തുടങ്ങും. 2022 ജനുവരി മുതലുള്ള ഡി.എയാണ് 2025 ഏപ്രില്‍ മുതല്‍ അനുവദിക്കുന്നത്. മുന്‍കാല പ്രാബല്യം നല്‍കിയിരുന്നെങ്കില്‍ 39 മാസത്തെ കുടിശ്ശിക ലഭിക്കുമായിരുന്നു. ഇനിയും ആറ് ഗഡു ഡി.എ അനുവദിക്കാനുണ്ട്.

Advertisment