മലപ്പുറം: സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൻ്റെ വ്യാപ്തി ഏറെ ഗുരുതരം എന്ന് സൂചന. മലപ്പുറം കോട്ടക്കൽ നഗര സഭയിലെ 8ാം വാർഡിൽ മാത്രം പെൻഷൻ വാങ്ങുന്ന 42 പേരിൽ 32 പേരും അനർഹർ ആണെന്ന കണ്ടെത്തൽ ഞെട്ടിപ്പിക്കുന്നത്.
കോടികൾ വിലയുള്ള ആഡംബര കാർ ഉപയോഗിക്കുന്ന വ്യക്തി വരെ സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റി എന്ന ഗുരുതരമായ കണ്ടെത്തലാണ് പുറത്തുവരുന്നത്.
മലപ്പുറം ധനകാര്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പെൻഷനിലെ വൻ ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് ഗുരുതരം എന്ന് വിലയിരുത്തിയതോടെ നഗരസഭയിലെ മുഴുവൻ വാർഡിലും പരിശോധന നടത്താനാണ് നീക്കം.
വിവിധ തലത്തിലുള്ള പരിശോധനയ്ക്ക് ശേഷമാണ് സാമൂഹ്യ ക്ഷേമ പെൻഷന് അർഹനായ ഗുണഭോക്താവിനെ കണ്ടെത്തുന്നത്. അങ്ങനെയിരിക്കെ അനർഹരുടെ കൈകളിലേയ്ക്ക് ഇത് എത്താൻ ഇടയായതിന് പിന്നിൽ വലിയ ഗൂഢാലോചനയും തിരിമറിയും നടന്നിട്ടുണ്ട് എന്ന് വ്യക്തം.
നഗരസഭയിലെ ഒരു വാർഡിൽ മാത്രം ഇത്ര വലിയ വീഴ്ച സംഭവിച്ചത് കേവലം ഒരു ചെറിയ പിശകാകാനും ഇടയില്ല.
ക്രമക്കേട് കണ്ടെത്തിയതോടെ വിജിലൻസ് അന്വേഷണത്തിന് ധനകാര്യ വകുപ്പ് ഉത്തരവിട്ടു. 5400 പേരാണ് കോട്ടക്കൽ നഗരസഭയിൽ പെൻഷൻ വാങ്ങുന്നുത്.
ക്രമക്കേട് റിപ്പോർടട്ട് ചെയ്ത സാഹചര്യത്തിൽ നഗരസഭയിലെ എല്ലാ വാർഡിലും പരിശോധന നടത്തുമെന്ന് നഗര സഭ ചെയർപേഴ്നും വ്യക്തമാക്കി. അതേ സമയം സംഭവത്തിൽ പ്രതിഷേധവും ശക്തമാവുകയാണ് .
മുസ്ലിം യുത്ത് ലീഗ് പ്രവർത്തകർ നഗര സഭ സെക്രട്ടറിയുടെ ഓഫീസ് ഉപരോധിച്ചു. തട്ടിപ്പിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.