/sathyam/media/media_files/fm8NYEzSmWhxxe1mGpIB.jpg)
ആലങ്ങാട് ∙ മാളികംപീടികയിലെ ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച 7 പേർക്കു ഭക്ഷ്യവിഷബാധയേറ്റു. 3 പേർ കരുമാലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും 4 പേർ ആലുവയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തെത്തുടർന്ന് ഇന്നലെ മാളികംപീടികയിലെ അറേബ്യൻ സ്റ്റോറീസ് ഹോട്ടലിൽ ആലങ്ങാട് പഞ്ചായത്ത് ആരോഗ്യവിഭാഗം പരിശോധനയ്ക്കായി എത്തിയെങ്കിലും ഹോട്ടൽ അടച്ചിട്ട നിലയിലായിരുന്നു.
ഇന്ന് ആരോഗ്യവകുപ്പ് അധികൃതരെത്തി പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ വിവരം പുറത്തറിയാതിരിക്കാൻ ഹോട്ടലുടമ ശ്രമം നടത്തിയതായും ആരോപണമുയർന്നിട്ടുണ്ട്.മൂന്നു ദിവസം മുൻപ് ഇതിനോടു ചേർന്നുള്ള ഹോട്ടലിൽ നിന്നു ഭക്ഷണം വാങ്ങിക്കഴിച്ച ആലങ്ങാട് തിരുവാലൂർ സ്വദേശിയായ യുവാവിന്റെ വായിൽ കുരുക്കൾ വന്നതോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭക്ഷ്യവിഷബാധ ആണെന്നാണ് അന്നും ഡോക്ടർമാർ സ്ഥിരീകരിച്ചത്.