/sathyam/media/media_files/2026/02/08/img12-2026-02-08-22-52-19.png)
പെരുമ്പാവൂർ: അധികൃതർ എത്രയോവട്ടം താക്കീതു നൽകിയിട്ടും പെരുമ്പാവൂർ നഗരത്തിൽ ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് പെരുമ്പാവൂരിൽ പട്ടണത്തിൽ ഒരുപറ്റം സ്വകാര്യബസ്സുകൾ ഇപ്പോഴും സർവ്വീസ് നടത്തുന്നത്.
നഗരത്തിൽ പ്രവേശിക്കുന്ന ബസ്സുകൾക്ക് കൃത്യമായ സഞ്ചാരപഥം നിശ്ചയിച്ചു നൽകിയിട്ടുണ്ടെങ്കിലും റോഡുകളിലെ ഗതാഗതക്കുരുക്ക് തങ്ങളുടെ റണ്ണിംഗ് ടൈമിനെ ബാധിക്കുന്നുവെന്ന ഉപായം പറഞ്ഞാണ് വേഗത്തിൽ സ്റ്റാന്റിൽ കയറാൻ ബസ്സുകളുടെ റൂട്ട് മാറിയുള്ള ഓട്ടം.
യാത്രക്കാരുമായുള്ള വാക്കേറ്റവും പരാതികളും അധികൃതരുമായുള്ള ചർച്ചകളും പലവട്ടം നടന്നെങ്കിലും ശാശ്വതപരിഹാരം മാത്രം ഉണ്ടായില്ല.
അങ്കമാലി, കാലടി, ആലാട്ടുചിറ ഭാഗത്തുനിന്നും എം.സി. റോഡുവഴി നഗരത്തിൽ പ്രവേശിക്കുന്ന ബസ്സുകൾ ഔഷധി ജംഗ്ഷനിലെത്തി ശാസ്താക്ഷേത്രം, മിനി സിവിൽ സ്റ്റേഷൻ വഴി ഗവൺമെൻ്റ് ആശുപത്രി ജംഗ്ഷനിൽ പ്രവേശിച്ച്, എം.എം. റോഡിലൂടെ ജ്യോതി ജംഗ്ഷൻ, ഇ.വി.എം. തിയേറ്ററിനു മുമ്പിലൂടെ വേണം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്താൻ.
ഇതാണ് കാലങ്ങളായുള്ള രീതി. എന്നാൽ എം.സി. റോഡിലൂടെ വരുന്ന ബഹുഭൂരിപക്ഷം ശാസ്താക്ഷേത്രത്തിന്റെ പടിഞ്ഞാറെ കവാടത്തിന്റെ എതിർവശത്തേയ്ക്ക് തിരിഞ്ഞ് കുഴിപ്പിള്ളിക്കാവു ജംഗ്ഷനിൽ എത്തി മുനിസിപ്പൽ ലൈബ്രറിയ്ക്കു മുൻപിലൂടെയും ടി.ബി. റോഡുവഴിയും സ്റ്റാന്റിലെത്താനുള്ള എളുപ്പവഴി കാണുകയാണ്.
ഇതുമൂലം ബസ്സ് യാത്രക്കാർക്കുണ്ടാകുന്ന കഷ്ടപ്പാട് ചെറുതല്ല. ഔഷധി ജംഗ്ഷനിലെത്തേണ്ടവരെ തൊട്ടുമുമ്പ് അമ്പലനടയിൽ ഇറക്കി വിടുന്നു. നഗരത്തിൻ്റെ പലയിടങ്ങളിലേയ്ക്കും നടന്നും ഓട്ടോറിക്ഷയിലും മറ്റുമാണ് യാത്രക്കാർ എത്തിപ്പെടുന്നത്.
പൊലീസിൻ്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും ജാഗ്രതക്കുറവാണ് മുഖ്യകാരണമെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. കവീസ് വെജിറ്റേറിയൻ റെസ്റ്റോറൻ്റിനു സമീപം കുഴിപ്പിള്ളിക്കാവ് റോഡിൽ തിരക്കേറിയ സമയങ്ങളിൽ പ്രത്യേകം പൊലീസിനെ നിയോഗിച്ച് ട്രാഫിക് ലംഘനം നടത്തുന്ന സ്വകാര്യ ബസ്സുകാരെ കണ്ടെത്തി അടിയന്തരമായി കർശനനടപടി കൈക്കൊള്ളണമെന്നും ആവശ്യമുയർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us