/sathyam/media/media_files/2025/09/12/bindu_new190525-2025-09-12-15-29-01.jpg)
തിരുവനന്തപുരം: പേരൂർക്കടയിലെ വ്യാജ സ്വർണമാല മോഷണക്കേസിൽ പൊലീസ് സിനിമയെ വെല്ലുന്ന തരത്തിൽ തിരക്കഥ രചിച്ചെന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
വീട്ടുജോലിക്കാരി ബിന്ദുവിനെ കള്ളക്കേസിൽ കുടുക്കാൻ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഓമന ഡാനിയേലിന്റെ വീട്ടിൽ നിന്ന് സ്വർണമാല കാണാതായതായി പരാതി നൽകിയെങ്കിലും, പിന്നീട് മാല സോഫയുടെ അടിയിൽ നിന്നാണ് കണ്ടെത്തിയത്. ഇത് ഉടൻ തന്നെ പേരൂർക്കട സ്റ്റേഷനിലെ എസ്.ഐയെ അറിയിച്ചിരുന്നുവെങ്കിലും, "മാല കിട്ടിയ കാര്യം പുറത്തു പറയരുത്" എന്ന നിർദ്ദേശം പൊലീസ് തന്നതായി ഓമനയും മകളും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
ചവർക്കൂനയിൽ നിന്നാണ് മാല കിട്ടിയതെന്ന് വ്യാജമായി പ്രചരിപ്പിക്കാനും പൊലീസ് തന്നെയാണ് നിർദേശിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് പൊലീസ് ഒരുക്കിയ തിരക്കഥ തുറന്നു കാണിക്കുന്നത്.
സ്വയം കള്ളക്കേസിൽ കുടുക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി വീട്ടുജോലിക്കാരി ബിന്ദു സംസ്ഥാന പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ജില്ലാ പുറത്തുള്ള അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ ഉത്തരവിട്ടത്.
"തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി വേണം. നീതി കിട്ടണം," എന്നാണ് ബിന്ദുവിന്റെ ആവശ്യം.