/sathyam/media/media_files/2025/03/12/KCbAu8PYe8uiXd8BULUP.jpeg)
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മെഡിക്കല്‍ സ്റ്റോര്‍ അടിച്ചുതകര്‍ത്ത പ്രതികള്‍ അറസ്റ്റില്‍. ലഹരി തര്‍ക്കവുമായി ബന്ധപ്പെട്ടല്ല അക്രമമെന്നും ഫാര്‍മസിയിലെ ജീവനക്കാരനോടുള്ള വൈരാഗ്യത്തിലാണ് ഷോപ്പ് അടിച്ചു തകര്‍ത്തതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
മാരായമുട്ടം സ്വദേശി നന്ദു, ധനുവച്ചപുരം സ്വദേശി ശ്രീരാജ്, നെടിയാംകോട് സ്വദേശി അനൂപ് എന്നിവരാണ് പിടിയിലായത്. ഇവര്‍ മറ്റു ചില കേസുകളിലും പ്രതികളാണെന്ന് പൊലിസ് പറഞ്ഞു.
ഫാര്‍മസി ജീവനക്കാരനുമായി പ്രതികള്‍ക്ക് വൈരാഗ്യമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നെയ്യാറ്റിന്‍കരയിലെ അപ്പോളോ ഫാര്‍മസി നാല് യുവാക്കള്‍ ചേര്‍ന്ന് അടിച്ച് തകര്‍ത്തത്. ലഹരിയടങ്ങിയ മരുന്ന് ചോദിച്ചിട്ട് നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നായിരുന്നു ഫാര്‍മസി പൊലീസില്‍ നല്‍കിയ പരാതി.
എന്നാല്‍ പ്രതികളെ പിടികൂടിയതോടെ ലഹരി പ്രശ്നമല്ലെന്ന് വ്യക്തമായി. ഫാര്‍മസിയിലെ ഒരു ജീവനക്കാരന്‍ പ്രതികളുടെ സുഹൃത്തിനെ കുത്തിയ കേസില്‍ പ്രതിയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പ്രതികളുടെ മൊഴി. ആക്രമണം നടത്തിയശേഷം ഇവര്‍ ഉദ്ദേശിച്ചയാള്‍ ഫാര്‍മസിയില്‍ ഇല്ലെന്നു മനസ്സിലാക്കി സംഘം പിന്‍വാങ്ങുകയായിരുന്നു.