കായംകുളം: ചേരാവള്ളിയില്‍ റെയില്‍വേ കോണ്‍ട്രാക്റ്റ് പണിക്കായി വന്ന തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. അമീന്‍ എന്ന 24കാരനാണ് അറസ്റ്റിലായത്.
കന്യാകുമാരി സ്വദേശിയും ചേരാവള്ളിയില്‍ വാടകയ്ക്ക് താമസിച്ചിരുന്നയാളുമായ വൈസിലിനെ വാടക വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി ദേഹോപദ്രവം ഏല്‍പ്പിച്ച് പണം കവര്‍ന്ന കേസിലാണ് അറസ്റ്റ്.
വൈസിലിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ച് വാങ്ങി ഭീഷണിപ്പെടുത്തി പിന്‍ നമ്പര്‍ വാങ്ങി ലക്ഷങ്ങള്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ച കേസിലാണ് ഒന്നാം പ്രതി അറസ്റ്റിലായത്.
കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന അമീന്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യത ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കായംകുളം പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
സൗദി അറേബ്യയിലേക്ക് പോകാനായി എത്തിയ അമീനെ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞു വെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഈ കേസിലെ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പ്രതികള്‍ കായംകുളം എസ്ബിഐയുടെ എടിഎമ്മില്‍ നിന്നും പരാതിക്കാരന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പ്രതിയായ അമീന്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമ കേസിലും മയക്കുമരുന്ന് കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.