/sathyam/media/media_files/2025/06/10/xMRbdI56Iu9IbuJYJjml.jpg)
ചങ്ങനാശേരി: കേരള മുഖ്യമന്ത്രി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുക്കണമെന്നും ജനസംഖ്യ ആനുപാതികമായുള്ള ആനുകൂല്യങ്ങള്‍ ക്രൈസ്തവര്‍ക്കു ലഭിക്കണമെന്നും ചങ്ങനാശേരി അതിരൂപത സംഘടിപ്പിച്ച സീറോ മലബാര്‍ സഭ സാമുദായിക ശാക്തീകരണ വര്‍ഷം പരിപാടിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സമുദായ താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക് അനുകൂലമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കും. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ നടത്തിയ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നാക്ക അവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പഠനങ്ങളുടെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനുള്ള കാരണം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണം.
റിപ്പോര്‍ട്ടു നടപ്പിലാക്കുന്നതിനു മുന്‍പു സഭാ നേതൃത്വം ആയി കൂടിയാലോചന നടത്തി മാത്രമേ ശിപാര്‍ശകള്‍ നടപ്പിലാക്കാവൂ. ഈ വിഷയത്തില്‍ മറ്റു മുന്നണികള്‍ അധികാരത്തില്‍ എത്തിയാല്‍ എന്തു നിലപാട് സ്വീകരിക്കുമെന്നു പരസ്യപ്രസ്താവന നടത്തണമെന്നും പ്രമേയത്തില്‍ പറഞ്ഞു.
അടുത്ത സംസ്ഥാന ബജറ്റില്‍ കുട്ടനാടിനു വേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കണം. ന്യൂനപക്ഷ വിഭാഗങ്ങളില്‍ എണ്ണത്തില്‍ കുറവുള്ള ക്രൈസ്തവ വിഭാഗത്തെ മൈക്രോ മൈനോറിറ്റി ആയി പരിഗണിച്ചു പദ്ധതികള്‍ ആവിഷ്‌കരിക്കണം. ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷസ്ഥാനം റൊട്ടേഷന്‍ അടിസ്ഥാനത്തിലായിരിക്കണം.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിലും അധ്യാപക നിയമനത്തിലും അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും മാനേജ്‌മെന്റുകള്‍ നിരന്തരം കോടതികള്‍ കയറുന്ന സാഹചര്യവും ഒഴിവാക്കണമെന്നും ചങ്ങനാശേരി അതിരൂപത പി.ആര്‍.ഒ ജോജി ചിറയില്‍ അവതാരകനായും ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ അനുവാദകനുമായിട്ട് അവതരിപ്പിച്ച പ്രമേയം സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us