/sathyam/media/media_files/2025/07/01/haris_vijayan020725-2025-07-01-22-13-42.webp)
തിരുവനന്തപുരം: ആരോഗ്യ കേരളത്തിൻെറ ദുരവസ്ഥ പൊതുസമൂഹത്തിന് മുന്നിൽ എത്തിച്ച മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലിൻെറ തുറന്നുപറച്ചിൽ ഉണ്ടാക്കിയ ക്ഷീണം പ്രതിരോധിക്കാൻ സർക്കാർ രംഗത്തിറങ്ങുന്നു.
ഇടതുപക്ഷം സ്വന്തം നേട്ടമായി മേനിനടിക്കുന്ന കേരള മാതൃകയിലും പുതിയ ലക്ഷ്യമായി പ്രഖ്യാപിച്ചിരക്കുന്ന നവകേരളസൃഷ്ടിയിലും ഡോ.ഹാരിസിൻെറ തുറന്നുപറച്ചിൽ വലിയ സംശയമുയർത്തിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി നേരിട്ട് ഇറങ്ങിയുളള 'രക്ഷാപ്രവർത്തനം'.
മെഡിക്കൽ കോളജ് ആശുപത്രികളിലെ അപര്യാപ്തതയും പോരായ്മകളും വെളിച്ചത്ത് കൊണ്ടുവന്ന ഡോ.ഹാരിസിനെ കടന്നാക്രമിച്ചു കൊണ്ട് പ്രതിഛായ നഷ്ടം പരിഹരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ഒളിഞ്ഞും തെളിഞ്ഞും ഇടതുകൂടാരത്തിലെ വിധേയരായി നിൽക്കുന്ന മാധ്യമങ്ങൾ അഭിമുഖം നൽകി കൊണ്ട് ആരോഗ്യ മന്ത്രി വീണാ ജോർജും 'രക്ഷാപ്രവർത്തനത്തിന്' ഇറങ്ങിയിട്ടുണ്ട്.
ഹാരിസിന്റെ പ്രതികരണം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻെറ പ്രതികരണം. ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടോ എന്നറിയില്ല. അദ്ദേഹത്തിന് അതൃപ്തി ഉണ്ടായിട്ടുണ്ടാകാം.
എന്നാൽ അത് കേരളത്തെ താറടിച്ച് കാണിക്കണം എന്ന് ആഗ്രഹിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാൻ കഴിയുന്നവിധം പുറത്തുവിടരുത്. അത് നല്ല പ്രവർത്തനങ്ങളെ തെറ്റായി ചിത്രീകരിക്കാൻ ഇടയാക്കുമെന്നും മുഖ്യമന്ത്രി കണ്ണൂരിലെ മേഖലാ അവലോകന യോഗത്തിൽ പറഞ്ഞു.
കേരളത്തിൽ നെഗറ്റീവ് ആയ കാര്യങ്ങൾ ബോധപൂർവ്വം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണ നിലയ്ക്ക് നല്ല പ്രവർത്തനം നടക്കുന്ന, ആരും അംഗീകരിക്കുന്ന ചില മേഖലകൾ ഉണ്ട്.
അടുത്ത കാലത്തെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും, എങ്ങനെയാണ് ആ കാര്യങ്ങളെ മാറ്റി മാറിക്കാൻ ശ്രമിക്കുകയെന്ന്. നല്ലത് അതേ നിലയ്ക്ക് നിൽക്കാൻ പാടില്ലെന്ന് സമൂഹത്തിൽ ചിലർക്ക് താൽപര്യമുണ്ട്.
നിർഭാഗ്യവശാൽ, വാർത്തകൾ കൊടുക്കേണ്ട മാധ്യമങ്ങളാണ് ഇപ്പോൾ അതിന് മുൻകൈ എടുക്കുന്നത്. മാധ്യമങ്ങൾക്ക് ന്യൂസ് അവതരിപ്പിക്കാനല്ല, അവരുടേതായ വ്യൂസ് അവതരിപ്പിക്കാനാണ് താൽപര്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
''കേരളത്തിനകത്തും പുറത്തും പരക്കേ അംഗീകാരമുള്ളതാണ് നമ്മുടെ ആരോഗ്യ സംവിധാനം. നമ്മുടെ ആരോഗ്യ മേഖല നല്ല നിലയിൽ മെച്ചപ്പെട്ടുനിൽക്കുന്നതാണ്. അത് നേരത്തെയുള്ളതുമായി താരതമ്യപ്പെടുത്തിയാൽ നല്ല നിലയ്ക്ക് അഭിവൃദ്ധിപ്പെട്ടുവന്നിട്ടുണ്ട്. ആ അഭിവൃദ്ധി യാദൃച്ഛികമായി ഉണ്ടായതല്ല, ബോധപൂർവ്വമായ ഇടപെടലിന്റെ ഭാഗമായി തന്നെയാണ്.
അതിന്റെ ഭാഗമായി ആര്യോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതവും നല്ല തോതിൽ വർധിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ കാണാൻ കഴിയുന്നത്, ഈ ആരോഗ്യമേഖലയെ എങ്ങിനെ തെറ്റായി ചിത്രീകരിക്കാൻ പറ്റും എന്ന ശ്രമമാണ്. അതിന് കേന്ദ്രീകരിക്കുന്നത് മെഡിക്കൽ കോളജുകളിലാണ്.
നമ്മുടെ കേരളത്തിലെ പൊതു അഭിപ്രായം മെഡിക്കൽ കോളജുകളൊക്കെ നല്ല രീതിയിൽ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു എന്നതാണ്. പക്ഷേ, തെറ്റായ ഒരു ചിത്രം അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ ധാരണ നമ്മൾ എല്ലാവർക്കും ഉണ്ടാവണം.
നല്ല കാര്യങ്ങൾ ചെയ്യുന്നു എന്നതു കൊണ്ടുമാത്രം നല്ലത് അങ്ങനെ തന്നെ അവതരിപ്പിക്കപ്പെടണം എന്നില്ല. ബോധപൂർവ്വം ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്, തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്ട് " മുഖ്യമന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകളിലെ കെടുകാര്യസ്ഥത വെളിച്ചത്ത് കൊണ്ടുവന്ന ഡോ.ഹാരിസ് ചിറയ്ക്കലിൻെറ തുറന്നുപറച്ചിലിൻെറ പശ്ചാത്തലത്തിലാണ് അവലോകന യോഗത്തിൽ ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രി നിർബന്ധിതനായത്.
കേരളത്തിൻെറ ആരോഗ്യാവസ്ഥയെ കുറിച്ച് പരസ്യ സംവാദത്തിന് പ്രതിപക്ഷ നേതാവ് തയാറാവണമെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ്. പ്രതിപക്ഷ നേതാവ് സംവാദത്തിന് തയാറായി മുന്നോട്ടുവരണമെന്നാണ് അഭ്യർത്ഥന.
കേരളത്തിൻെറ ആരോഗ്യാവസ്ഥയെ കുറിച്ചുളള ഏത് സംവാദത്തിനും തയാറാണ്.വ്യക്തിപരമായി കൊച്ചാക്കി കാണിക്കുന്ന കെ.മുരളീധരൻ അടക്കമുളള ആരെയും പ്രതിപക്ഷ നേതാവിന് ഒപ്പം കൂട്ടാമെന്നും താൻ ഒറ്റക്ക് നേരിട്ടുകൊളളാമെന്നും വീണാ ജോർജ് മാതൃഭൂമി ന്യൂസ് ചാനലിലെ അഭിലാഷ് മോഹനന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇടത് വേദികളിലെ സ്ഥിരം സാന്നിധ്യമായ മാധ്യമ പ്രവർത്തകനാണ് അഭിലാഷ് മോഹനൻ. അഭിമുഖം സംപ്രേഷണം ചെയ്തതിന് പിന്നാലെ അഭിലാഷ് മോഹനൻെറ രക്ഷാപ്രവർത്തനം എന്ന് പരിഹസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.
തുറന്നുപറച്ചിലിൻെറ പേരിൽ ഡോ.ഹാരിസിനെ വിമർശിക്കാൻ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രംഗത്ത് ഇറങ്ങിയുട്ടുണ്ടെങ്കിലും അദ്ദേഹത്തിൻെറ പരാതി ഫലം കണ്ടിരിക്കുകയാണ്. ഉപകരണങ്ങളുടെ അപര്യാപ്തത മൂലം മാറ്റിവെച്ച ശസ്ത്രക്രിയകൾ തുടങ്ങി.
ഹൈദരാബാദിൽ നിന്ന് വിമാനത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതോടെയാണ് മാറ്റിവെച്ച ശസ്ത്രക്രിയകൾ ചെയ്തുതുടങ്ങിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ബി എസ് സുനിൽ കുമാറിനെ മാറ്റിയേക്കുമെന്നും സൂചനയുണ്ട്.