പോലീസ് മേധാവി റവാഡയുടെ കാലാവധി ഒരുവർഷം കൂടി നീട്ടി പിണറായി സർക്കാർ. റവാഡയ്ക്ക് 2027 ജൂൺ 30വരെ പോലീസ് മേധാവിയായി തുടരാം. തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ. അടുത്ത സർക്കാർ വരുന്നതിന് മുൻപ് നിർണായക തീരുമാനമെടുത്ത് പിണറായി. തമ്മിൽ ഭേദം എന്നുപറഞ്ഞ് നിയമിച്ച റവാഡ, പിണറായി സർക്കാരുമായി സ്വരചേർച്ചയോടെ പ്രവർത്തിക്കുന്നു. മോഡിയുടെ വിശ്വസ്ഥനായ റവാഡയ്ക്ക് കേരളത്തിൽ പോലീസ് മേധാവിയായി ഒരു വർഷം കൂടി

New Update
rawada

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ജൂൺ 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നതാണ്. പ്രകാശ് സിങ്ങ് കേസിലെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഡിജിപിയുടെ കാലാവധി നീട്ടിയത്. ഇതുപ്രകാരം ജൂൺ 30ന് വിരമിക്കേണ്ടിയിരുന്ന റവാഡയ്ക്ക് 2027 ജൂൺ 30വരെ പോലീസ് മേധാവിയായി തുടരാനാവും.

Advertisment

images (20)


 
അടുത്ത സർക്കാർ വരുന്നതിന് മുൻപു തന്നെ പിണറായി സർക്കാർ ഡിജിപിയുടെ കാലാവധി നീട്ടാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. 1991ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്തെ സ്പെഷ്യൽ ഡയറക്ടറുമായിരിക്കെയാണ് 2025 ജൂൺ 30ന് റവാഡയെ പോലീസ് മേധാവിയാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. നിയമനത്തിന് യു.പി.എസ്.സി നൽകിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു റവാ‌ഡ. പോലീസ് മേധാവിക്ക് രണ്ടുവർഷം കാലാവധി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരുവർഷം കാലാവധി നീട്ടി നൽകിയത്.
 
തലശേരിയിൽ അഡി.എസ്.പിയായാണ് റവാഡ കേരളത്തിൽ സർവീസ് ആരംഭിച്ചത്. പത്തനംതിട്ട, മലപ്പുറം, എറണാകുളം റൂറൽ, റെയിൽവേ, വിജിലൻസ്, എറണാകുളം റേഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പൊലീസ് ആസ്ഥാനത്ത് എ.ഐ.ജിയായും കെ.എ.പി രണ്ടാം ബറ്റാലിയൻ, മൂന്നാം ബറ്രാലിയൻ എന്നിവിടങ്ങളിൽ കമൻഡാന്റായും പ്രവർത്തിച്ചു. ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ഭാഗമായി ബോസ്‌നിയയിലും പ്രവർത്തിച്ചു.

തിരുവനന്തപുരം, കൊച്ചി സിറ്റി പോലീസ് കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം റേഞ്ചുകളിൽ ഡി.ഐ.ജിയായിരുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഐ.ജിയായിരിക്കെയാണ് കേന്ദ്രത്തിലേക്ക് പോയത്. ഡെപ്യൂട്ടി ഡയറക്ടറായി ഐ.ബി ആസ്ഥാനത്തും ഭുവനേശ്വർ, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലും പ്രവർത്തിച്ചു. എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെ ഐ.ബിയിൽ അഡി.ഡയറക്ടറായി വിജയവാഡ, മുംബൈ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. വിശിഷ്ടസേവനത്തിന് 2015 ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡലും സ്തുത്യർഹസേവനത്തിന് 2009 ൽ ഇന്ത്യൻ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി രാജമുന്ദ്രി സ്വദേശിയാണ്. ഭാര്യ: സരിത. രണ്ടു മക്കളുണ്ട്.

പൊലീസ്‌ മേധാവി: രവാഡ ചന്ദ്രശേഖർ ചുമതലയേറ്റു - Deshabhimani
 

1994ൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവയ്പ്പ് കേസിൽ റവാഡയെ പ്രതിചേർത്തിരുന്നു. 2012ലാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. തലശേരി എ.എസ്.പിയായിരിക്കെയാണ് വെടിവയ്പ്പിന് റവാഡ ഉത്തരവിട്ടത്. സസ്പെഷനിലായിരുന്നു. ജുഡീഷ്യൽ അന്വേഷണത്തിനുശേഷം ഏറെ പണിപ്പെട്ടാണ് സർവീസിൽ തിരികെക്കയറിയത്. യു.പി.എസ്.സിയുടെ പട്ടികയിലുള്ള മൂന്ന് പേരിൽ തമ്മിൽ ഭേദം രണ്ടാമനായ റവാഡയാണെന്നും അതിനാൽ നിയമിക്കുന്നതായുമാണ് ആദ്യ നിയമനത്തിനുള്ള മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചത്. പിന്നീട് ഇടത് സർക്കാരുമായി സ്വരചേ‌ർച്ചയിലായിരുന്നു റവാഡയുടെ പോക്ക്.

Advertisment