ബാലഗോപാലിന്റെ ആറാം ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയുണ്ടാവും. ശമ്പളപരിഷ്കരണവും പുതിയ പെൻഷൻ പദ്ധതിയും പ്രഖ്യാപിക്കും. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 ആക്കിയേക്കും. യുവാക്കളുടെ രോഷം ഭയന്ന് പെൻഷൻ പ്രായവും കൂട്ടില്ല. ചെയ്യാവുന്നതേ പറയാറുള്ളൂവെന്നും പാഴ് വാഗ്ദാനങ്ങൾ നൽകില്ലെന്നും ധനമന്ത്രി.  മൂന്നാം ഭരണം ലക്ഷ്യമിട്ട് പിണറായി സർക്കാരിന്റെ ജനകീയ ബജറ്റ് നാളെ

പങ്കാളിത്ത പെൻഷൻ ഒഴിവാക്കി പകരം ഉറപ്പുള്ള പെൻഷൻ പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കും. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാദ്ഗാനം നടപ്പാക്കാനും ഇടയുണ്ട്.

New Update
pinarai vijayan kn balagopal
Listen to this article
00:00/ 00:00

തിരുവനന്തപുരം‍: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ, തന്റെ ആറാമത്തെ ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ എന്തൊക്കെ കരുതിവച്ചിട്ടുണ്ടെന്ന ആകാംക്ഷയിലാണ് കേരളം. 

Advertisment

തിരഞ്ഞെടുപ്പ് തൊട്ടുമുന്നിലുള്ളതിനാൽ ശമ്പള പരിഷ്കരണ പ്രഖ്യാപനം അടക്കം ഒട്ടേറെ ജനകീയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


നാളെ രാവിലെ 9ന് നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റിനുള്ള അന്തിമഘട്ട ഒരുക്കങ്ങളെല്ലാം പൂ‌ർത്തിയാക്കി. ശമ്പളപരിഷ്കരണ പ്രഖ്യാപനം, പുതിയ പെൻഷൻ പദ്ധതി, ക്ഷേമ പെൻഷൻ വർധന തുടങ്ങിയവയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 


പങ്കാളിത്ത പെൻഷൻ ഒഴിവാക്കി പകരം ഉറപ്പുള്ള പെൻഷൻ പദ്ധതി ബജറ്റിൽ പ്രഖ്യാപിക്കും. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 ആക്കുമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാദ്ഗാനം നടപ്പാക്കാനും ഇടയുണ്ട്.

ബജറ്റനെക്കുറിച്ച് ധനമന്ത്രി പറയുന്നത് ഇങ്ങനെയാണ്-  വാഗ്ദാനങ്ങൾ വെറുതെ നൽകുന്ന പതിവ് ഇടതു മുന്നണിക്കില്ല. ചെയ്യാവുന്നതേ പറയാറുള്ളൂ. അത് മുടക്കമില്ലാതെ നൽകാറുമുണ്ട്. 

പാഴ് വാഗ്ദാനങ്ങൾ നൽകില്ല. അതുകൊണ്ടുതന്നെ പിന്നാലെ വരുന്ന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടാകില്ല. സംസ്ഥാനത്ത് തുടർഭരണം ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്.


തുടർച്ചയായി മൂന്നാം ഭരണം ലക്ഷ്യമിട്ട് തികച്ചും ജനകീയമായതും അധിക നികുതി നിർദ്ദേശങ്ങളില്ലാത്തതുമായ ബജറ്റായിരിക്കും നാളെ അവതരിപ്പിക്കുക. 


വനിതാക്ഷേമം, വയോജന ക്ഷേമം, അടിസ്ഥാനസൗകര്യ വികസനം, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. 

ആർക്കും നിരാശയുണ്ടാകില്ലെന്നും എല്ലാം പോസിറ്റീവാണെന്നും ധനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. വമ്പൻ വോട്ടുബാങ്കായ ജീവനക്കാരുടെയും കുടുംബങ്ങളുടെയും വോട്ട് ലക്ഷ്യമിട്ട് ശമ്പളപരിഷ്കരണം പ്രഖ്യാപിക്കും. 


ശമ്പളപരിഷ്കരണ കമ്മീഷൻ നിലവിലില്ലെങ്കിലും അതിനായി ഒരു കമ്മിറ്റിയെ നിയോഗിക്കാനും അതിന്റെ അടിസ്ഥാനത്തിൽ പരിഷ്കരണം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാനും ഇടയുണ്ട്. സർക്കാർ ജീവനക്കാർക്കു മാത്രമല്ല, പെൻഷൻകാർക്കും സാമൂഹ്യ പെൻഷൻകാർക്കും നേട്ടമുണ്ടാവും.


യുവാക്കളുടെ രോഷം ഭയന്ന് ഇത്തവണയും പെൻഷൻപ്രായം കൂട്ടാനിടയില്ല. നിയമനങ്ങൾ കാര്യമായി കുറഞ്ഞ സാഹചര്യത്തിൽ പെൻഷൻ പ്രായം കൂടി ഉയർത്തിയാൽ അത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ. 

ഡി.എ കുടിശിക കൊടുത്തുതീർക്കുന്നതിലും വ്യക്തമായ ഉറപ്പ് ധനമന്ത്രി നൽകും. കുടിശികയുടെ ഒരു ഭാഗം തിരഞ്ഞെടുപ്പിന് മുൻപ് നൽകാനും ഇടയുണ്ട്. ഡി.എ കുടിശിയുടെ ഭാരം കേന്ദ്രസർക്കാരിന്റെ തലയിൽ വയ്ക്കുകയാണ് ധനമന്ത്രി. 

കേന്ദ്രസർക്കാർ 1.17 ലക്ഷംകോടിയാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സംസ്ഥാനത്തിന് നിഷേധിച്ചത്. അതിൽ 25,000 കോടിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ഡി.എ കുടിശിക നേരത്തേ നൽകാമായിരുന്നെന്ന് ധനമന്ത്രി പറയുന്നു.


രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റാണിത്. ഇതിലെ പ്രഖ്യാപനങ്ങൾ അടുത്ത സർക്കാർ നടപ്പാക്കണമെന്നില്ല. പുതിയ സർക്കാരിന്റെ പുതിയ ബജറ്റ് മേയ് മാസത്തിൽ അവതരിപ്പിക്കും. അതിനാൽ വാരിക്കോരിയുള്ള പ്രഖ്യാപനങ്ങൾക്ക് എല്ലാ സാദ്ധ്യതയുമുണ്ട്. 


കഴിഞ്ഞ അഞ്ചുവർഷവും കാര്യമായി നികുതി കൂട്ടിയില്ല. മദ്യത്തിനു പോലും നികുതി വർദ്ധിപ്പിച്ചിട്ടില്ല. ഇന്ധനത്തിന് വാറ്റും കൂട്ടിയില്ല. എന്നാൽ ഇത്തവണ ഏതെങ്കിലും തരത്തിലുള്ള നികുതി വർദ്ധനവ് അസാദ്ധ്യമാണ്. 

ഇന്ധന സെസ് നേരത്തേ ഏർപ്പെടുത്തിയെങ്കിലും  കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ല. കെട്ടിട നികുതി കൂട്ടിയെങ്കിലും പിന്നീട് കുറച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനാണ് കെട്ടിട നികുതി കൂട്ടിയത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിലും ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ല. 

Advertisment