/sathyam/media/media_files/2025/09/18/pinarayus-1619620241-2025-09-18-18-55-24.jpg)
തിരുവനന്തപുരം: വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുമെന്ന് പ്രഖ്യാപിച്ച് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് സർക്കാർ ഒരുക്കം തുടങ്ങി.
രൂപീകൃതമായി 75 വർഷം പൂർത്തിയാകുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി കേരളത്തെ മാറ്റുമെന്നാണ് പ്രഖ്യാപനം.
കേരളത്തിന്റെ ഇതുവരെയുള്ള വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാതയെ രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാർ.
വികസനം എന്ന പ്രധാന മുദ്രാവാക്യവുമായിട്ടായിരിക്കും ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിടുക. രണ്ടായിരത്തിനു ശേഷം ജനിച്ച സെഡ്- ജനറേഷൻ (ജെൻ-സി) വോട്ടർമാർക്ക് രാഷ്ട്രീയത്തിലും തമ്മിൽതല്ലിലും വിവാദങ്ങളിലും താത്പര്യമില്ലാതിരിക്കെ, വികസനത്തിലൂന്നിയുള്ള പ്രചാരണത്തിലൂടെ മാത്രമേ വിജയിക്കാനാവൂ എന്ന് തിരിച്ചറിയുകയാണ് ഇടതുമുന്നണിയും സർക്കാരും.
മൂന്നാം തുടർഭരണത്തിന് അടിത്തറയിടാൻ 'വിഷൻ 2031' എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാർ സംഘടിപ്പിക്കാനൊരുങ്ങുകയാണ് സർക്കാർ. സെമിനാറിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബർ 1 മുതൽ 30 വരെയാണ് സെമിനാറുകൾ നടക്കുക. വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാർ ഇതിന് നേതൃത്വം നൽകും.
ഓരോ സെമിനാറിലും ദേശീയ, അന്തർദേശീയ തലത്തിൽ നിന്നും പാനലിസ്റ്റുകൾ ഉണ്ടാകും. ഇവിടെ നിന്നുള്ള ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കും.
വികസന സെമിനാറുകൾ എന്ന പേരിൽ സർക്കാരിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ തന്നെയാണ് സർക്കാർ ശ്രമിക്കുന്നത്.
സെമിനാറുകൾക്ക് ഒരു കോടിയിലേറെ രൂപയാണ് ചെലവ്. ഓരോ സെമിനാറിനും മന്ത്രിമാരാണ് നേതൃത്വം വഹിക്കുക.
സെമിനാറുകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ സംസ്ഥാന തലത്തിലെ കോൺക്ലേവിൽ ചർച്ച ചെയ്യും. ആയിരം പേർ വരെ ഓരോ സെമിനാറിലും പങ്കെടുത്തും.
ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ നേട്ടങ്ങളായിരിക്കും സെമിനാറുകളിൽ അവതരിപ്പിക്കുക. സർക്കാർ നടപ്പാക്കിയ പ്രധാന വികസന പദ്ധതികളും അവതരിപ്പിക്കും.
ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി പുതിയ സംരംഭം ആരംഭിക്കും.
'മുഖ്യമന്ത്രി എന്നോടൊപ്പം ' അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.
വികസന സെമിനാറുകളുടെ ലക്ഷ്യം വോട്ടുറപ്പിക്കൽ തന്നെയെങ്കിലും അതിനുള്ള വഴി പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുകയെന്നതാണ്.
പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യും.
ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്.
ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദ്ദേശങ്ങളും അവയുടെ വിലയിരുത്തലുമുണ്ടാവും. പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കും.
ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയുടെ മാതൃകയിലാണ് പിണറായി സർക്കാരിന്റെ വികസന സെമിനാറുകളും. സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർദ്ധിപ്പിക്കുമെന്ന് സർക്കാർ പറയുന്നു.
ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിൻ്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും.
സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അവരെ അറിയിക്കാനും ഉള്ളടക്ക നിർമാണം,
വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും.