തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിന്റെ ജനപ്രിയ നീക്കങ്ങൾ: ഉദ്യോ​ഗാർഥികളെ കയ്യിലെടുക്കാൻ പി.എസ്.സി പ്രായപരിധി 40 ആയി ഉയർത്തി. ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകാരം. സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ലത്തീൻ കത്തോലിക്കരെ അടുപ്പിക്കാൻ ലത്തീൻ കത്തോലിക്കാ സർട്ടിഫിക്കറ്റ് മാനദണ്ഡത്തിൽ ഇളവ്. പ്രകൃതിദുരന്തങ്ങൾക്ക് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനും മന്ത്രിസഭാ തീരുമാനം

New Update
pinarayi cabinet

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ തീരുമാനങ്ങളുമായി സർക്കാർ. തൊഴൽ തേടുന്ന ഉദ്യോഗാർത്ഥികളുടെ പിന്തുണ ലക്ഷ്യമിട്ട്  അപേക്ഷിക്കുന്നതിനുളള പരമാവധി പ്രായം  40 വയസായി ഉയർത്തി.

Advertisment

പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള പ്രായ പരിധിയിൽ 4 വർഷത്തെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ജനറൽ വിഭാഗത്തിന് നിലവിലുള്ള പ്രായപരിധി 36 എന്നത് 40 ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്.

പ്രായപരിധിയിൽ ഇളവ് ലഭ്യമായ മറ്റ് വിഭാഗക്കാർക്കും തത്തുല്യമായ വർദ്ധനവ് ലഭ്യമാകും. പട്ടിക ജാതി പട്ടികവർഗ വിഭാഗത്തിനുളള  പ്രായ പരിധി 45 വയസ്സായിട്ടാണ് ഉയർത്തിയിരിക്കുന്നത്. വിരമിക്കൽ പ്രായം ഉയർത്താതെ തന്നെ പി.എസ്.സി നിയമനത്തിന് അപേക്ഷിക്കേണ്ട പ്രായപരിധി ഉയർത്തിയത് യുവജനങ്ങൾക്ക് സന്തോഷകരമായ തീരുമാനമാണ്.


മൂന്നാം ഭരണം ലക്ഷ്യമിട്ടുളള നിർണായകമായ തിരഞ്ഞെടുപ്പിൽ സർക്കാരിൻെറ തുറുപ്പുചീട്ടായിട്ടാണ് പ്രായപരിധി ഉയർത്തലിനെ കാണുന്നത്.


ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച ജസ്റ്റീസ് ജെ.ബി.കോശി കമ്മീഷൻെറ കാര്യത്തിലും മന്ത്രിസഭായോഗം തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. കമ്മീഷൻ റിപോർട്ട് നടപ്പിലാക്കാൻ വൈകുന്നതിൽ ക്രൈസ്തവർക്കിടയിൽ അതൃപ്തിയുണ്ടെന്ന് മനസിലാക്കിയാണ് തീരുമാനം.

ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. റിപ്പോർട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിപോർട്ട് പുറത്തുവിടണം എന്നതും ക്രൈസ്തവ സംഘടനകളുടെയും സഭകളുടെയും ആവശ്യമായിരുന്നു.


സർക്കാർ ഇതിനകം തീരുമാനം കൈക്കൊണ്ട ശുപാർശകൾക്ക് പുറമെ 32 എണ്ണത്തിൽ കൂടി ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുമുണ്ട്.


1947-നു മുൻപ് ലത്തീൻ കത്തോലിക്കാ വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻ തലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കാൻ അർഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീയമായതിനാൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ ഒരു രേഖയായി പരിഗണിച്ചുകൊണ്ട്

വില്ലേജ് ഓഫീസർ നടത്തുന്ന പ്രാദേശിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ ജാതി/സമുദായ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും 1947 എന്ന വർഷം ജാതി/സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ല എന്നും മന്ത്രിസഭ തീരുമാനിച്ചു.


സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ലത്തീൻ കത്തോലിക്കരെ അടുപ്പിക്കാനുളള തന്ത്രമാണിത്.


പ്രകൃതിദുരന്തങ്ങൾകാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചി. സംസ്ഥാന ഇൻഷുറൻസ്  വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം  നല്‍കി.

ആവര്‍ത്തിച്ച് സംഭവിക്കുന്ന  പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട  അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത്  സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്നുവെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനം.


സംസ്ഥാനത്തിന്  അനുയോജ്യമായൊരു ഒരു റിസ്ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ  രവി രാമന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.


കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നിശ്ചിത പ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദുരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ സംസ്ഥാനത്തിന് ഉടൻ നഷ്ടപരിഹാരം ലഭിക്കും. ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങൾ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

പണം ആദ്യം സർക്കാരിനായിരിക്കും ലഭിക്കുക. അത് നിർണ്ണയിക്കപ്പെട്ട മാർഗനിർദ്ദേശങ്ങൾ പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കും.സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരിയാരിക്കും ഇൻഷുറൻസിൻെറ കവറേജ് തുക.5 വർഷമാണ്  ഇൻഷുറൻസ് കാലാവധി.  

നിശ്ചിതപ്രദേശത്തെ, നിർണ്ണയിക്കപ്പെട്ട തോതിനേക്കാൾ ഉയർന്ന ദൂരന്ത പ്രതിഭാസങ്ങൾ (മഴ, വെള്ളപ്പൊക്കം, കാറ്റിൻ്റെ വേഗം മുതലായവ) ഉണ്ടായാൽ ആ പ്രദേശത്തെ ബിപിഎൽ കുടുംബങ്ങളുടെ വീട്ടുടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.  

വീടിനുണ്ടാകുന്ന നാശനഷ്ടങ്ങൾ, ഗൃഹോപകരണങ്ങൾക്കുണ്ടാകുന്ന നാശ നഷ്ടങ്ങൾ, അറ്റകുറ്റ പണി പൂർത്തിയാകും വരെ വാടക സഹായം എന്നിവ ഉൾപ്പെടെ യഥാർത്ഥ നഷ്ടം പരിഹരിക്കും.

Advertisment