/sathyam/media/media_files/2025/05/28/P7KTKsMMvQXj1iI5xCM0.jpg)
തിരുവനന്തപുരം: പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ പ്രതിച്ഛായ വർധനവിന് കോടികൾ പൊട്ടിക്കാൻ സർക്കാർ.
സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം ഇല്ലാതാക്കാനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങാനുമുള്ള പദ്ധതികളാണ് അണിയറയിൽ തയ്യാറാകുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരീക്ഷിച്ച് പരാജയപ്പെട്ട നവകേരള സദസിന് പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വികസന സദസെന്ന പുതിയ മാമാങ്കത്തിന് സർക്കാർ രൂപം നൽകിയിട്ടുള്ളത്.
ഇതിന് പുറമേ വിഷൻ 2031 എന്ന പേരിൽ സംസ്ഥാന ത്തുടനീളം സെമിനാറുകൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. കടുത്ത സാമ്പത്തിക ബാദ്ധ്യത നിലനിൽക്കുമ്പോഴും പി.ആർ പ്രവർത്തനങ്ങൾക്ക് കോടികൾ ചിലവഴിക്കുന്ന പ്രവണതയ്ക്ക് ഇതുവരെ മാറ്റം വന്നിട്ടില്ല.
സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ചെലവ് സർക്കാർ നേരിട്ട് വഹിക്കില്ലെന്നും, അതത് തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ഫണ്ടിൽ നിന്ന് പണം കണ്ടെത്തണമെന്നുമാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഖജനാവ് കാലിയായ സാഹചര്യത്തിലാണ് പരിപാടിയുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും തദ്ദേശ സ്ഥാപനങ്ങളുടെ തലയിൽ വെച്ചുകെട്ടുന്നത്.
സെപ്റ്റംബർ 20-ന് ഒരു തദ്ദേശ സ്ഥാപനത്തിൽ മുഖ്യമന്ത്രി വികസന സദസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന 20 മിനിറ്റ് വീഡിയോ പ്രസന്റേഷനിൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിക്കും.
സർക്കാർ നിർദേശമനുസരിച്ച് ഗ്രാമപഞ്ചായത്തുകൾ രണ്ട് ലക്ഷം രൂപയും, മുനിസിപ്പാലിറ്റികൾ നാല് ലക്ഷം രൂപയും, കോർപ്പറേഷനുകൾ ആറ് ലക്ഷം രൂപയും പരിപാടിക്കായി മുടക്കണം.
തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടോ അല്ലെങ്കിൽ തനത് ഫണ്ടോ ഇതിനായി ഉപയോഗിക്കാം. ഈ തുക തികയാതെ വന്നാൽ ആവശ്യമെങ്കിൽ സ്പോൺസർഷിപ്പ് വഴി പണം കണ്ടെത്താമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മുമ്പ് നടത്തിയ 'കേരളീയം' പരിപാടിക്കും 'നവകേരള സദസി'നും ഫണ്ട് കണ്ടെത്തിയത് സ്പോൺസർഷിപ്പ് വഴിയായിരുന്നു. ഇത് വ്യാപകമായ പണപ്പിരിവാണെന്ന ആരോപണത്തിന് വഴിവെച്ചിരുന്നു.
എന്നാൽ, ഈ പരിപാടികൾക്ക് ആരാണ് സ്പോൺസർമാരായതെന്ന് സർക്കാർ നാളിതുവരെയായിട്ടും വെളിപ്പെടുത്തിയിട്ടില്ല. ഇതേ മാതൃകയിൽ തദ്ദേശ സ്ഥാപനങ്ങളെ ഉപയോഗിച്ച് വലിയ തോതിലുള്ള ഫണ്ട് പിരിവിന് സർക്കാർ കളമൊരുക്കുകയാണെന്ന ആരോപണമുന്നയിച്ച് ്രപതിപക്ഷവും രംഗത്ത് വന്നിട്ടുണ്ട്.
ഇതിന് പുറമേയാണ് കേരളം രൂപീകരിച്ചതിന്റെ 75-ാം വാർഷികമായ 2031-ൽ സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യങ്ങൾ എന്തായിരിക്കണമെന്ന് നിർണയിക്കുന്നതിനായി ''വിഷൻ 2031'' എന്ന പേരിൽ സംസ്ഥാനത്തുടനീളം സെമിനാറുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളത്.
'വിഷൻ 2031' സെമിനാർ പരമ്പരയ്ക്ക് ഖജനാവിൽ നിന്ന് ഒരു കോടിയോളം രൂപ ചിഴവഴിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന 33 സെമിനാറുകളിൽ ഓരോന്നിനും പരമാവധി 3 ലക്ഷം രൂപ വരെ ചിലവഴിക്കാൻ അനുമതി നൽകിയിട്ടുണ്ട്.
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ഓരോ സെമിനാറിന്റെയും സംഘാടന ചുമതലയുള്ള സർക്കാർ വകുപ്പുകൾക്ക് അവരുടെ ഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം.
ഇതുസംബന്ധിച്ച അനുമതി ഉത്തരവ് പുറപ്പെടുവിക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 33 വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നതിനാൽ, മൊത്തം ചെലവ് 99 ലക്ഷം രൂപ വരെയാകാം.
2025 ഒക്ടോബറിൽ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളിലായാണ് സെമിനാറുകൾ സംഘടിപ്പിക്കാൻ ധാരണയായിട്ടുള്ളത്.
ഓരോ സെമിനാറും അതത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഈ സെമിനാറുകളിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിപുലമായ ഒരു കോൺക്ലേവ് സംഘടിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
ഒക്ടോബർ ഒന്നു മുതൽ 30 വരെയുള്ള തീയതികളിലാണ് സെമിനാറുകൾ നടക്കുക. ഓരോ സെമിനാറിലും 500 മുതൽ 1000 വരെ ആളുകളെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിപാടിയുടെ തുടക്കത്തിൽ, വകുപ്പ് സെക്രട്ടറി കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങളും പ്രധാന പദ്ധതികളും അവതരിപ്പിക്കും. തുടർന്ന്, ബന്ധപ്പെട്ട മന്ത്രി ''വിഷൻ 2031'' എന്ന കരട് നയരേഖ അവതരിപ്പിക്കും.
ദേശീയ-അന്തർദേശീയ തലങ്ങളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പാനൽ ചർച്ചകൾ സംഘടിപ്പിക്കും.ഓരോ സെമിനാറിന്റെയും സംഘാടനച്ചെലവിനായി അതത് വകുപ്പുകൾക്ക് 3 ലക്ഷം രൂപ വരെ വിനിയോഗിക്കാൻ അനുമതിയുണ്ട്.
2023 നവംബർ 23 മുതൽ ഡിസംബർ 23 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളത്തിലെ 140 മണ്ഡലങ്ങളിലും ആഡംബര ബസിൽ സഞ്ചരിച്ച് നടത്തിയ പരിപാടിയായിരുന്നു നവകേരള സദസ്. കോടികൾ മുടക്കി നവകേരള സദസ് നടത്തിയിട്ടും ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻപരാജയമാണ് എൽ.ഡി.എഫ് ഏറ്റുവാങ്ങിയത്.
നിലവിലെ ആഗോള അയ്യപ്പ സംഗമത്തിന് പുറമേ വിവിധ പരിപാടികളിലൂടെ ജനങ്ങളെയും സാമൂഹത്തിൽ അഭിപ്രായരൂപീകരണത്തിന് മുൻകൈയെടുക്കുന്നവരെയും സർക്കാരിന് അനുകൂലമാക്കാനും അതുവഴി മൂന്നാം പിണറായി സർക്കാരിനുള്ള വഴിവെട്ടാനുമാണ് സി.പി.എം ആലോചിക്കുന്നത്.