തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനത്തിന് വിദേശകാര്യ മന്ത്രാലയത്തിൻെറ വിലക്ക്. മുഖ്യമന്ത്രിയുടെ മൂന്നാഴ്ച നീളുന്ന ഗൾഫ് യാത്ര കേന്ദ്രം വെട്ടിയതോടെ സിപിഎമ്മിന്റെ പദ്ധതി പൊളിഞ്ഞു. അനുമതി നിഷേധിച്ചത് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം ലക്ഷ്യമിട്ടെന്ന സംശയത്തിൽ. കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമെന്ന വിലയിരുത്തലിൽ സംസ്ഥാന സർക്കാർ

New Update
pinarayi new

തിരുവനന്തപുരം: തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താനുളള മുഖ്യമന്ത്രി പിണറായി വിജയൻെറ പദ്ധതിക്ക് വിദേശ കാര്യ മന്ത്രാലയത്തിൻെറ വെട്ട്.

Advertisment

മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ഗൾഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കൊണ്ടാണ് കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയുടെ ഗൾഫിലെ പ്രവാസി സമൂഹത്തെ ലക്ഷ്യംവെച്ചുളള രാഷ്ട്രീയനീക്കത്തിന് തടയിട്ടത്.


കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനും അടങ്ങുന്ന സംഘത്തിന് യാത്രാനുമതി നിഷേധിച്ചതെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ.


തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും സംഘവും ഗൾഫിലേക്ക് പോകുന്നതെന്ന സംശയമാണ് അനുമതി നിഷേധിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്.

മഹാപ്രളയത്തിന് ശേഷം ഫണ്ട് സമാഹരിക്കാനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഗൾഫിലേക്ക് പോകാൻ ഒരുങ്ങിയപ്പോഴും വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വിലക്ക് വന്നിരുന്നു. അതേ സമീപനം തന്നെ തിരഞ്ഞെടുപ്പിന് മുൻപുളള ഗൾഫ് പര്യടനത്തിന് നേരെയും സ്വീകരിച്ചിരിക്കുന്നത്.


തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാനുളള പോക്കിന് തടയിടാനുളള വിദേശകാര്യ മന്ത്രാലയത്തിൻെറ നീക്കം കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ.


ഗണ്യമായ വോട്ടർമാരുളള പ്രവാസലോകത്തേക്ക് മുഖ്യമന്ത്രി എത്തുന്നത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി മൂന്നാഴ്ച നീളുന്ന ഗൾഫ് പര്യടനം പ്ളാൻ ചെയ്തത്.

ഗൾഫ് പര്യടനത്തിന് അനുമതി ലഭിക്കാത്ത വിവരം മുഖ്യമന്ത്രി ഡൽഹിയിലെ പത്രസമ്മേളനത്തിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്ക് അനുമതി കിട്ടുമെന്നുതന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും ശുഭപ്രതീക്ഷയാണല്ലോ വേണ്ടതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

20251009100L

അനുമതി നിഷേധിച്ചതിൻെറ കാരണം എന്താണെന്ന് വിദേശകാര്യ മന്ത്രാലയമാണ് വിശദീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറ‍ഞ്ഞു. 


ഡൽഹിയിൽ വെച്ച് കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായേയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണ്ട മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന് യാത്രാനുമതി ലഭിക്കുന്നതിന് വേണ്ടി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.


ആ പ്രതീക്ഷയിലാണ് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതികരിച്ചത്. ഡൽഹിയിലെ സംസ്ഥാന സർക്കാരിൻെറ ഉദ്യോഗസ്ഥരും യാത്രാനുമതി ലഭിക്കുന്നതിന് വേണ്ടി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഒക്ടോബർ 16ന് ഗൾഫ് പര്യടനം ആരംഭിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. 16ന് ബഹ്റിനിൽ നിന്നായിരിക്കും മുഖ്യമന്ത്രിയുടെ ഗൾഫിലെ പരിപാടികൾക്ക് തുടക്കമാകുക.

ബഹ്റിനിൽ നിന്ന് 17ന് സൗദി അറേബ്യയിലേക്ക് പോകുന്ന മുഖ്യമന്ത്രി ദമാമിലെ പരിപാടിയിൽ പങ്കെടുക്കും 18ന് ജിദ്ദയിലും 19ന് സൗദി തലസ്ഥാനമായ റിയാദിലും മുഖ്യമന്ത്രി പരിപാടികളിൽ സംബന്ധിക്കും.

ANI-20251010075959_osD0BmS

സൗദി പര്യടനത്തിന് ശേഷം കേരളത്തിലേക്ക് മടങ്ങുന്ന മുഖ്യമന്ത്രി 5 ദിവസത്തെ ഇടവേളക്ക് ശേഷം 24ന് ഒമാനിൽ എത്തും. രണ്ട് ദിവസം ഒമാനിൽ തങ്ങുന്ന മുഖ്യമന്ത്രി മസ്കറ്റിലെയും സലാലയിലെയും പരിപാടികളിൽ സംസാരിക്കും. 

ഒമാനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം പിന്നീട് 30ന് ഖത്തറിലേക്ക് എത്തും.ഖത്തറിൽ ഒരു ദിവസത്തെ പര്യടനം മാത്രമാണുളളത്. നവംബർ 7ന് കുവൈത്തിലും മുഖ്യമന്ത്രി എത്തും. കുവൈത്തിലും ഒറ്റദിവസത്തെ പരിപാടിയേ നിശ്ചയിച്ചിട്ടുളളു.

കുവൈത്തിൽ നിന്ന് യു.എ.ഇയിലെ എമിറേറ്റായ അബുദാബിയിൽ എത്തുന്ന മുഖ്യമന്ത്രി 9ന് അവിടെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. എല്ലാ രാജ്യങ്ങളിലും സിപിഎം അനുകൂല സംഘടനകളുടെ പരിപാടിയിലാകും മുഖ്യമന്ത്രി പങ്കെടുക്കുക.

Advertisment