/sathyam/media/media_files/QYqvWrQpA7EHmVSiJm1c.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തർക്കത്തിൽ സർക്കാരും ക്രൈസ്കവ സഭാ മാനേജ്മെന്റുകൾക്കും ഇടയിൽ സമവായം ഉരുത്തിരിയുന്നു.
കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പിയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലാണ് ക്രൈസ്തവ മാനേജ്മെൻ്റുകളും സർക്കാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിൽ അനുരഞ്ജനമായത്.
പ്രശ്ന പരിഹാരത്തിന് വേണ്ടി ജോസ് കെ മാണി സമ്മർദ്ദം ചെലുത്തിയതോടെ നിലപാട് മയപ്പെടുത്താൻ സർക്കാർ നിർബന്ധിതമായി.
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ ക്രൈസ്തവ മാനേജുമെന്റുകളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് സർക്കാർ നിലപാട് മാറ്റിയതെന്ന് വ്യക്തമാണ്.
കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷൻ കർദ്ദിനാളും മേജർ ആർച്ച് ബിഷപ്പുമായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യമന്ത്രി പിണറായിവിജയൻ, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ച പൊസിറ്റീവ് ആയിരുന്നുവെന്നും ഉടൻ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും ക്ലീമിസ് ബാവ മാധ്യമങ്ങളെ അറിയിച്ചു.
പ്രശ്നപരിഹാരത്തിന് വേണ്ടി വീണ്ടും നിയമോപദേശം തേടാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിൻെറ നീക്കം. നിലവിൽ ലഭിച്ചിട്ടുളള നിയമപദേശപ്രകാരമാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പ്രശ്നപരിഹാരത്തിനായി വിഷയത്തിൽ വീണ്ടും നിയമോപദേശം തേടാമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുണ്ട്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ കടുംപിടുത്തം പിടിച്ചിരുന്ന സർക്കാർ മുൻ നിലപാടിൽ നിന്ന് മാറുന്നു എന്നതിൻെറ വ്യക്തമായ സൂചനയാണിത്.
ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഒഴിച്ച് മറ്റ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് എൻ.എസ്.എസ് മാനേജ്മെന്റിന് അനുമതി നൽകി 2025 മാർച്ച് 4ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
ഈവിധി നായർ സർവീസ് സൊസൈറ്റി മാനേജ്മെന്റിന് കീഴിലുളള സ്കൂളുകൾക്ക് മാത്രമാണ് ബാധകമെന്നായിരുന്നു സർക്കാർ നിലപാട്.
ഇപ്പോൾ ഈ വിഷയത്തിൽ വീണ്ടും നിയമ ഉപദേശം തേടാമെന്ന് പറഞ്ഞതിലൂടെ ഇതര മാനേജ്മെന്റുകൾക്കും പ്രതീക്ഷക്ക് വകയായിരിക്കുകയാണ്.
ഭിന്നശേഷി അധ്യാപക നിയമനത്തിൽ എൻഎസ്എസിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മറ്റു മാനേജ്മെൻറ്കൾക്കും ബാധകമാക്കണമെന്നാണ് കർദ്ദിനാൾ ക്ലീമിസ് ബാവ ആവശ്യപ്പെട്ടത്.
ഈ ആവശ്യം ഉന്നയിച്ച് ഇന്നലെയാണ് കെ.സി.ബി.സി അധ്യക്ഷനായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്.
തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷത്തിൽ ക്രൈസ്തവ മാനേജുമെന്റുകളെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് സർക്കാർ നിലപാട് മാറ്റിയതെന്ന് വ്യക്തമാണ്.
കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എം.പിയും പ്രശ്ന പരിഹാരത്തിന് വേണ്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു ഇതും അനുരഞ്ജനത്തിലേക്ക് എത്താൻ സർക്കാരിനെ നിർബന്ധിതമാക്കി.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുമായി കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഫോണിൽ സംസാരിച്ചതോടെയാണ് സർക്കാർ സമവായത്തിലേക്ക് എത്തുന്നതിനുളള നടപടികൾ സ്വീകരിച്ച് തുടങ്ങിയത്.
മുഖ്യമന്ത്രി ഉറപ്പ് നൽകിയത് പോലെ പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടിയും കർദ്ദിനാൾ ക്ളീമീസ് ബാവയോട് ഉറപ്പ് പറഞ്ഞു.
ഫോൺ സംഭാഷണത്തിന് പിന്നാലെ ഇന്ന് നേരിട്ട് കൂടിക്കാഴ്ച നടത്തിയതോടെ വീണ്ടും നിയമോപദേശമെന്ന നിലപാടിലേക്ക് സർക്കാർ എത്തുകയായിരുന്നു.
മന്ത്രി വി ശിവൻകുട്ടിയുടെ ചേമ്പറിൽ നടന്ന കൂടികാഴ്ചയിൽ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന പ്രശ്നങ്ങളുടെ വ്യാപ്തിയും ആശങ്കയും കർദ്ദിനാൾ അറിയിച്ചു.
പൊതു വിദ്യാഭ്യാസ മന്ത്രി ഏകപക്ഷീയമായി പെരുമാറുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ മാനേജ്മെൻ്റുകൾക്ക് ഉണ്ടായിരുന്നു.