പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസം​ഗം ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോ​ഗിച്ചുവെന്ന് മുഖ്യമന്ത്രി. സവര്‍ക്കറിന് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമെന്നും ആരോപണം. ദേശീയതയ്ക്ക് പകരം ബിജെപി ഉയര്‍ത്തിപ്പിടിക്കുന്നത് ഭൂരിപക്ഷ വര്‍ഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെന്നും പിണറായി

New Update
narendra modi pinarayi vijayan

തിരുവനന്തപുരം: ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തെ ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ സ്വാതന്ത്ര്യദിനം തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യസമരത്തെ അവഹേളിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. 


ഗാന്ധി വധത്തെത്തുടര്‍ന്നു നിരോധിക്കപ്പെട്ട ആര്‍എസ്എസിനും വധഗൂഢാലോചനയില്‍ വിചാരണ നേരിട്ട വിഡി.സവര്‍ക്കറിനും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


'ഈ അപഹാസ്യ നടപടികള്‍ കൊണ്ടൊന്നും ആര്‍എസ്എസിനെപ്പോലെ വിഭജന രാഷ്ട്രീയത്തിന്റെ വിഷലിപ്തമായ ചരിത്രമുള്ള വര്‍ഗ്ഗീയ സംഘടനയെ വെള്ളപൂശാനാവില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണ്. 

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വി.ഡി. സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നത്. 


സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നത്. ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആര്‍എസ്എസിന്. 


സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആര്‍എസ്എസ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വര്‍ഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്.'

മനുഷ്യ സ്‌നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും ചരിത്രത്തെ കുഴിച്ചുമൂടി വെറുപ്പിനെ പകരം വെക്കാനുള്ള ഏതു നീക്കത്തെയും രാജ്യം ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ടതുണ്ട്.' - മുഖ്യമന്ത്രി ഫെയ്ബുക്കില്‍ കുറിച്ചു.

Advertisment