/sathyam/media/media_files/2025/03/11/8WvoU7wq4VitkBJrOLrl.jpg)
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും പുതിയ നേതാക്കളെ ഉള്‍പ്പെടുത്തുന്നതിന്റെ നിയന്ത്രണം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ.
മൂന്നാം സര്‍ക്കാരിനെ നയിക്കാന്‍ താന്‍ അല്ലെങ്കില്‍ താന്‍ നിര്‍ദ്ദേശിക്കുന്നയാളെ കൊണ്ടുവരുന്നതിനും അനുകൂലിക്കുന്നവരെ പാര്‍ട്ടിയുടെ നേതൃഘടകങ്ങളില്‍ ഉള്‍പ്പെടുത്തി നിലഭദ്രമാക്കുകയാണ് പിണറായി വിജയന്‍ ചെയ്തത്.
മൂന്നാം തവണയും ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തനിക്കൊപ്പം പരിഗണിക്കപ്പെടാന്‍ സാധ്യതയുളളവരെ തിരിച്ചറിഞ്ഞ് മുന്‍കൂട്ടി വെട്ടിയൊതുക്കുന്ന തന്ത്രമാണ് പിണറായി വിജയന്‍ കൊല്ലം സമ്മേളനത്തില്‍ പയറ്റിയത്.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന രണ്ടാം നിര നേതാക്കളില്‍ പ്രധാനി വ്യവസായ മന്ത്രി പി.രാജീവാണ്.
അത് മനസിലാക്കിയാണ് രാജീവിനെയും അദ്ദേഹത്തെ പിന്തുണക്കുന്നവരെയും ഒതുക്കിയത്. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന എം.ബി.രാജേഷിനെ തഴഞ്ഞതിന്റെ പ്രധാന കാരണം പി.രാജീവിന് ഒപ്പം നില്‍ക്കുന്നയാള്‍ എന്നതാണ്.
എ.കെ.ബാലന്റെ ഒഴിവില്‍ പാലക്കാട് നിന്ന് ഒരാളെ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമായിരുന്നു.എന്നിട്ടും ഭാവിയില്‍ കേരളത്തിലെ സി.പി.എമ്മിന്റെ മുഖമായി മാറാന്‍ എല്ലാ കഴിവും യോഗ്യതയുമുളള രാജേഷിനെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നാണ് പാര്‍ട്ടിയിലെ ചര്‍ച്ച.
ഭാവി വാഗ്ദാനമെന്നതും രാജേഷിനെ തഴയാന്‍ കാരണം ആയിട്ടുണ്ട്. സി.പി.എം നേതൃത്വത്തിലെ ചേരിതിരിവില്‍ പി.രാജീവിനൊപ്പമാണ് എം.ബി.രാജേഷ്. കെ.എന്‍.ബാലഗോപാലും ഇവര്‍ക്കൊപ്പമാണ്. എന്നാല്‍ എതിരാളിയായി വളരില്ലെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തെ കൈകാര്യം ചെയ്യാത്തതെന്നാണ് സൂചന.
പാര്‍ട്ടിയിലും മന്ത്രിസഭയിലും പി.രാജീവും മന്ത്രി പി.എ.മുഹമ്മദ് റിയാസും വിരുദ്ധ ധ്രൂവങ്ങളിലാണ്. കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയില്‍ പാര്‍ട്ട സീനിയോറിറ്റിയില്‍ പി.രാജീവ് മുന്നിലായത് കൊണ്ട് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പി.എ.മുഹമ്മദ് റിയാസിനെയും കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും.
റിയാസും പി.കെ.ബിജുവും എം.സ്വരാജും കേന്ദ്ര കമ്മിറ്റിയില്‍ എത്താനാണ് സാധ്യത. മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഭാവി നീക്കങ്ങള്‍ക്ക് വഴിയൊരുക്കാനാണ് പി.രാജീവിനെയും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവരെയും ഒതുക്കാന്‍ കാരണം.
പി.രാജീവിന്റെ തട്ടകമായ എറണാകുളം ജില്ലയില്‍ നിന്ന് സംസ്ഥാന സമിതിയിലും സെക്രട്ടേറിയേറ്റിലും എത്തിയ നേതാക്കള്‍ അദ്ദേഹത്തേ അനുകൂലിക്കുന്നവരല്ല.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എന്‍.മോഹനന്‍ ജില്ലയില്‍ രാജീവിന്റെ എതിര്‍ പക്ഷത്താണ്. സംസ്ഥാന സമിതിയിലേക്ക് എത്തിയ കൊച്ചി മേയര്‍ എം.അനില്‍ കുമാറും നിര്‍ണായക വിഷയങ്ങളില്‍ രാജീവിനെ അനുകൂലിക്കാന്‍ സാധ്യതയില്ല.
സി.എന്‍.മോഹനന് പകരം പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തുമ്പോഴും പി.രാജീവിന്റെ എതിരാളികള്‍ക്ക് പരിഗണന കിട്ടാനാണ് സാധ്യത. തിരുവനന്തപുരത്ത് നിന്നുളള കടകംപളളി സുരേന്ദ്രനെ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതും മുഹമ്മദ് റിയാസിന്റെ അനിഷ്ടം മൂലമാണെന്ന് വ്യക്തമാണ്.
സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി റിയാസിന്റെ കാലുപിടിക്കാനോ ഒത്തുതീര്‍പ്പ് ഉണ്ടാക്കാനോ ഇല്ലെന്നാണ് കടകംപളളി അടുപ്പക്കാരോട് പറഞ്ഞിട്ടുളളത്.
സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പി.ജയരാജനെയും എം.ബി.രാജേഷിനെയും എല്ലാം ഉള്‍പ്പെടുത്താന്‍ ഒഴിവില്ല എന്നാണ് സംസ്ഥാന നേതൃത്വം നല്‍കുന്ന വിശദീകരണം. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും മനസുവെച്ചാല്‍ ഒഴിവ് ഉണ്ടാക്കിയെടുക്കാന്‍ പ്രയാസമില്ലായിരുന്നു.
ഇപ്പോള്‍ വീണ്ടും സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുത്ത ഇ.പി.ജയരാജനെയും ഡോ.ടി.എം. തോമസ് ഐസക്കിനെയും ഒഴിവാക്കിയാല്‍ മതി.
ഇരുവരും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ സംസ്ഥാന സെക്രട്ടേറിയേറ്റില്‍ പങ്കെടുക്കുന്നതിന് യാതൊരു തടസവുമില്ല. സംസ്ഥാനത്തെ പാര്‍ട്ടിയിലോ ഭരണത്തിലോ കാര്യമായ ചുമതലകളൊന്നും ഇല്ലാത്ത നേതാക്കളായത് കൊണ്ട് സെക്രട്ടേറിയേറ്റ് അംഗം ആയേ തീരുവെന്നും നിര്‍ബന്ധമില്ല.
ഈ പോംവഴി അറിയാമായിരുന്നിട്ടും അതേ കുറിച്ച് ആലോചിക്കാതെ ഒഴിവില്ലെന്ന കാരണം പറഞ്ഞ് കടകംപളളി സുരേന്ദ്രനെയും പി.ജയരാജനെയും തഴഞ്ഞത് ബോധപൂര്‍വമാണെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
ഈഴവ വിഭാഗത്തില്‍ നിന്നുളള നേതാവായ കടകംപളളി സുരേന്ദ്രനെ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്താന്‍ സാമൂഹിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അതിന് തടയിടാന്‍ കൂടിയാണ് അതേ വിഭാഗത്തില്‍ നിന്നുളള സി.എന്‍.മോഹനനെ സെക്രട്ടേറിയേറ്റില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ പി.രാജീവിനും കടകംപളളിക്കും തടയിടാനുമായി.ഒരു വെടിക്ക് രണ്ട് പക്ഷി.