/sathyam/media/media_files/2026/02/11/pinarayi-2026-02-11-16-24-52.jpg)
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രി ആയി അധികാരമേറ്റ ഉടൻ ആദ്യം നടത്തിയ പ്രഖ്യാപനം ആയിരുന്നു ജനങ്ങൾക്ക് വേഗം സേവനങ്ങൾ ലഭ്യമാക്കും എന്നത്.
ജീവനക്കാരുടെ യോഗം വിളിച്ച് പിണറായി എന്ന് പറഞ്ഞത്
ഓരോ ഫയലും ഓരോ ജീവിതമാണെന്ന്ആയിരുന്നു.
എന്നാൽ 10 വർഷം ഭരണം പൂർത്തിയാകാൻ സമയം ആയപ്പോൾ സെക്രട്ടേറിയറ്റിലും വിവിധ വകുപ്പുകളുമായി കെട്ടിക്കിടക്കുന്നത് 7ലക്ഷത്തിലേറെ ഫയലുകളാണ്.
സർക്കാരിന്റെ കാലാവധി അവസാനിക്കാറായതോടെ ഉദ്യോഗസ്ഥർ തണുത്ത മട്ടിലാണ്.
കെട്ടിക്കിടക്കുന്ന ഫയലുകളുടെ തീർപ്പാക്കലിന് പ്രത്യേക അദാലത്ത് നടത്തിയിരുന്നു. ഫയല് തീർപ്പാക്കൽ കണക്ക് മന്ത്രിസഭാ യോഗത്തിൽ അറിയിക്കാൻ ചീഫ് സെക്രട്ടറിക്ക് ചുമതല നൽകി.
മന്ത്രിമാർ നേരിട്ട് വകുപ്പുകളിൽ പരിശോധന നടത്തി. എന്നിട്ടും ഒരു ഗുണവും ഉണ്ടായില്ല എന്നാണ് ഇപ്പോഴത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇനി പുതിയ സർക്കാർ വരാതെ ഇതിനൊരു നീക്കുപോക്കുണ്ടാവാനും സാദ്ധ്യതയില്ല.
സെക്രട്ടേറിയറ്റിൽ മാത്രം മൂന്ന് ലക്ഷത്തിലേറെ ഫയല് കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്യോഗസ്ഥ സ്ഥലം മാറ്റം തുടങ്ങിയപ്പോൾ ഫയൽ തീർപ്പാക്കലിനൊന്നും വേണ്ടത്ര ജീവനക്കാരുമില്ല.
അടുത്ത ഭരണം ആരുടെ കൈകളിലെന്ന ചർച്ചയല്ലാതെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം നാഥനില്ലാ കളരിപോലെ.
സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന ഫയലുകളുടെ 52 ശതമാനം മാത്രമാണ് അദാലത്തിൽ തീർപ്പായത്.
വകുപ്പ് മേധാവികളുടെ കാര്യാലയങ്ങളിൽ 60 ശതമാനവും. റവന്യൂവകുപ്പ് ഉദ്യോഗസ്ഥന്മാരിൽ വലിയൊരു ശതമാനവും തിരഞ്ഞെടുപ്പ് ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെടുന്നതോടെ വകുപ്പ് അനക്കമില്ലാതാവും.
മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുമുണ്ട് തിരഞ്ഞെടുപ്പ് ജോലി ഭാരം.
മുഖ്യമന്ത്രി തന്നെ മുൻകൈ എടുത്താണ് ഫയൽ തീർപ്പാക്കലിന് കഴിഞ്ഞ ജൂലായ് ഒന്നു മുതൽ ആഗസ്റ്റ് 31 വരെ ഫയൽ അദാലത്ത് സംഘടിപ്പിച്ചത്.
അദാലത്ത് കാലാവധിക്ക് ശേഷവും കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പാക്കാൻ 16 ഇന നിർദ്ദേശങ്ങൾ നൽകി ഭരണപരിഷ്‌കാര വകുപ്പ് വീണ്ടും ഉത്തരവിറക്കി.
അദാലത്തിന് വേണ്ടി രൂപീകരിച്ച പോർട്ടൽ തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ പിന്നെല്ലാം മെല്ലെപ്പോക്കായി.
സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള സ്ഥാപനങ്ങളിലെ ഫയലുകൾ എന്നിങ്ങനെ മൂന്ന് തലത്തിലാണ് തീർപ്പാക്കൽ ജോലികൾ നടന്നത് .
ഫയലുകളിലെ വിഷയങ്ങൾക്കനുസരിച്ച് മുൻഗണനാക്രമവും നിശ്ചയിച്ചിരുന്നു. ഇതിൻ്റെ ഗുണം ജനങ്ങൾക്ക് കിട്ടിയില്ല എന്നാണ് കെട്ടിക്കിടക്കുന്ന ഫയല് എണ്ണം നൽകുന്ന സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us