ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കുന്നുവെന്ന് പിണറായി, മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയമെന്ന് പി. രാജീവ്‌, അണിയറയില്‍ നടക്കുന്നത് കൊടുംചതിപ്രയോഗമെന്ന് എം.ബി രാജേഷ്; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

New Update
pinarayi vijayan P Rajeev MB Rajesh

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ കേന്ദ്രമന്ത്രി അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞത്: 

Advertisment

ആഴത്തിലുള്ള ചിന്തകള്‍ക്കും കൂട്ടായ പരിശ്രമങ്ങള്‍ക്കം മുൻപുള്ള ഘട്ടമാണിത്. ഈ സന്ദര്‍ഭത്തെ സങ്കുചിത താൽപര്യങ്ങള്‍ക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. അക്കൂട്ടത്തില്‍ ജനങ്ങളെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ ഉത്തരവാദിത്തമുള്ളവര്‍ തന്നെ ഉള്‍പ്പെടുന്നത് അങ്ങേയറ്റം അപലപനീയമാണ്. 

കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവിൻറെ പ്രസ്താവന നിർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്.

പ്രാദേശിക ഭരണസംവിധാനത്തിൻറെ ഒത്താശയോടെ നടക്കുന്ന അനധികൃത മനുഷ്യവാസവും ഭൂമി കയ്യേറ്റവും അനധികൃത ഖനനവും ഒക്കെയാണ് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടലിൻറെ കാരണമെന്ന് അദ്ദേഹം പറയുകയുണ്ടായി. ഇത്തരം ഒരു ദുരാരോപണങ്ങളിലൂടെ ദുരന്തത്തിനിരയായ മനുഷ്യരെ മന്ത്രി അപമാനിക്കുകയാണ്. 

ആരാണിവിടുത്തെ അനധികൃത കുടിയേറ്റക്കാർ? ഈ ദുരന്തത്തിൽ മണ്ണടിഞ്ഞ എസ്റ്റേറ്റിലെ തൊഴിലാളികളോ? അതോ, തങ്ങളുടെ ചെറിയ തുണ്ടു ഭൂമിയിൽ ജീവിച്ച സാധാരണ മനുഷ്യരോ? കേരളത്തിലെ മലയോര മേഖലയെക്കുറിച്ച് ചെറിയ ധാരണയെങ്കിലും ഉള്ളവർക്ക് അവിടെ ജീവിക്കുന്ന മനുഷ്യരെ അനധികൃത കുടിയേറ്റക്കാരായി മുദ്ര കുത്താൻ സാധിക്കില്ല.

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേരളത്തിലെ മലയോര മേഖലയിലേക്കുള്ള കുടിയേറ്റത്തിന്. ദുഷ്‌കരമായ സാഹചര്യങ്ങളോട് മല്ലിട്ട് അവർ പടുത്തുയർത്തിയ ജീവിതത്തിനും സംസ്‌കാരത്തിനും സുദീർഘമായ ചരിത്രമുണ്ട്. 

അതിനെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ മലയോര ജനതയെ കുടിയേറ്റക്കാരെന്ന ഒരൊറ്റ അച്ചില്‍ ഒതുക്കുന്ന പ്രചരണങ്ങള്‍ക്ക് ഉത്തരവാദപ്പെട്ട കേന്ദ്ര മന്ത്രി തയറാകുന്നത് ഏറ്റവും ചുരുങ്ങിയ രീതിയിൽ പറഞ്ഞാൽ ഔചിത്യമല്ല.

അനധികൃത ഖനനം നടന്നതിനാലാണ് മുണ്ടക്കൈയ്യില്‍ ഉരുള്‍പൊട്ടിയതെന്നാണ് അദ്ദേഹത്തിന്‍റെ മറ്റൊരു വിചിത്രവാദം. എന്നാല്‍, മുണ്ടക്കൈ ലാന്‍ഡ്സ്ലൈഡ് ഏരിയയില്‍ നിന്നും ഏറ്റവും അടുത്ത ക്വാറിയിലേക്കുള്ള ദൂരം 10.2 കിലോമീറ്റര്‍ ആണ്. ഇതാണ് സത്യമെന്നിരിക്കേ എന്തിനാണ് കേന്ദ്ര മന്ത്രി തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. 

വയനാട് ദുരന്തത്തിൽ കേരളത്തിനെതിരെയെഴുതാൻ ശാസ്ത്രജ്ഞരെ കേന്ദ്ര സർക്കാർ സമീപിക്കുന്നു എന്ന വാർത്ത നിങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകാം. ഉരുൾപൊട്ടലിൻറെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും നൽകാൻ ശാസ്ത്രജ്ഞരെ കേന്ദ്രസർക്കാർ നിർബന്ധിക്കുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 പ്രസ് ഇൻഫോർമേഷൻ ബ്യുറോ വഴിയാണ് കേരള സർക്കാരിനെതിരെ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവരെ അണിനിരത്താനുള്ള ഈ ശ്രമം എന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന കൂടെ കൂട്ടിവായിക്കുമ്പോൾ ഈ മാധ്യമ വാർത്തകൾ ശരിയാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ആരെ ദ്രോഹിക്കാനാണ് ഈ പെയിഡ് ലേഖന പരിപാടി നിങ്ങൾ ആസൂത്രണം ചെയ്യുന്നത് എന്ന് അവർ തന്നെ ആലോചിക്കണം.

പരിസ്ഥിതി ഗൗരവമായി സംരക്ഷിക്കപ്പെടുന്ന മേഖലയാണ് മുണ്ടക്കൈ. അവിടെ അനധികൃത ഖനനം നടക്കില്ല എന്നത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ. ഇതറിഞ്ഞിട്ടും അനധികൃത ഖനനം മൂലമാണ് ഉരുൾപൊട്ടലെന്ന് പറയുന്നതിലെ രാഷ്ട്രീയം എന്തെന്ന് മലയാളികൾക്ക് മനസ്സിലാകും.

ഓല മടക്കിവെച്ച് കൂര കെട്ടിയ തോട്ടം തൊഴിലാളികൾ അനധികൃത കയ്യേറ്റകാരാണ് എന്നല്ലേ കേന്ദ്രമന്ത്രി പറഞ്ഞുവരുന്നത്? ഉരുൾപൊട്ടലിൻറെ ഉത്തരവാദിത്തം പാവപ്പെട്ട തൊഴിലാളികളുടെ ഉൾപ്പെടെ തലയിൽ ചാർത്തുകയല്ലേ ഇക്കൂട്ടർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്രമന്ത്രിയുടേത് നുണപ്രസ്താവനയെന്ന് മന്ത്രി പി. രാജീവ്‌

ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ് ന്യൂസ്മിനുട്ട് പുറത്തുകൊണ്ടുവന്നത്. കേരള സർക്കാരിന്റെ തെറ്റായ നയമാണ് ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന രീതിയിൽ പ്രതികരിക്കാൻ പ്രസ്സ് ഇൻഫോർമേഷൻ ബ്യൂറോ വഴി നിരവധി ശാസ്ത്രജ്ഞരെ സമീപിച്ചതിന്റെ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്.

ആധികാരികല്ലാത്ത വിവരങ്ങൾ നൽകി കേരളവിരുദ്ധ ലേഖനങ്ങൾ എഴുതാനും ഇവരോട് ആവശ്യപ്പെട്ട വിവരങ്ങളും റിപോർട്ടിലുണ്ട്- ആരും ഇതിന് തയ്യാറാകാതെ വന്നപ്പോഴാണ് മന്ത്രി ഭൂപേന്ദ്ർ യാദവ് തന്നെ നുണ പ്രസ്താവനയുമായി ഇറങ്ങിയത്.

ഒരു നാടാകെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേരളത്തിനെതിരെ നടത്തിയ ഗൂഢാലോചനയാണ്...

Posted by P Rajeev on Tuesday, August 6, 2024

ഉരുൾപ്പൊട്ടൽ സംബന്ധിച്ച മുന്നറിയിപ്പ് കേരളത്തിന് നൽകിയിരുന്നെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നുണയാണെന്ന് തെളിവുകൾ സഹിതം മാധ്യമങ്ങൾ തുറന്നുകാട്ടിയപ്പോഴാണ് ഈ അധമപ്രവർത്തനം. മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ട കേന്ദ്രസർക്കാർ ഭാവിയിൽ തുറന്നുകാട്ടപ്പെടുമെന്ന ഭയവും ഈ നീക്കത്തിന് പുറകിലുണ്ട്.

മനുഷ്യ ഇടപ്പെടലുകൾ ഒന്നുമില്ലാത്ത സ്ഥലത്തുണ്ടായ ഉരുൾപ്പൊട്ടൽ ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഒരു പാരിസ്ഥിക അനുമതിയുമില്ലാതെ കുന്നുകൾ ഇടിച്ചുനിരത്താനുള്ള കരട് ഉത്തരവ് പുറത്തിറക്കിയ വകുപ്പ് നടത്തുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങൾ തിരിച്ചറിയും.

കൊടുംചതിയെന്ന് മന്ത്രി എം.ബി. രാജേഷ്‌

കൊടും ചതി!

കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ മനുഷ്യശരീരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ്. സർവതും നഷ്ടപ്പെട്ട ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസ ക്യാമ്പുകളിൽ പകച്ചിരിക്കുകയാണ്.

അപ്പോഴും കേന്ദ്ര സർക്കാർ കേരളത്തെ സഹായിക്കുന്നതിന് പകരം, അണിയറയിൽ കൊടും ചതിപ്രയോഗം നടത്തുകയാണ്. അതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ ഇന്ന് പുറത്തുവിട്ടിട്ടുള്ളത്.

വയനാട് ഉരുൾപൊട്ടലിന്റെ പേരിൽ കേരളത്തിനെതിരെ ദേശീയ മാധ്യമങ്ങളിൽ ലേഖനങ്ങളെഴുതാൻ കേന്ദ്രസർക്കാരും പ്രസ് ഇൻഫർമേഷൻ ബ്യൂറോയും നിരവധി വിദഗ്ധരെയും ശാസ്ത്രജ്ഞരെയും സമീപിച്ചതിന്റെ വിവരങ്ങളാണ് ‘ദി ന്യൂസ് മിനുട്ട്’ പുറത്തുവിട്ടിരിക്കുന്നത്.

കേരളസർക്കാരാണ് വയനാട്ടിലെ ഉരുൾപൊട്ടലിന് കാരണമെന്ന് സ്ഥാപിക്കുന്ന ലേഖനങ്ങൾ എഴുതണമെന്നാണത്രേ കേന്ദ്രം ആവശ്യപ്പെട്ടത്. എന്തെല്ലാമാണ് എഴുതേണ്ടത് എന്ന വിവരങ്ങളും കേന്ദ്രസർക്കാർ തന്നെ കൈമാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ വാദങ്ങൾക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല, ഇപ്പോഴത്തെ ഉരുൾപൊട്ടലിന് കാരണം കേന്ദ്രം ആരോപിക്കുന്നതുപോലെ ക്വാറികളുടെത് ഉൾപ്പെടെയുള്ള മനുഷ്യ പ്രവർത്തനങ്ങളല്ലെന്നും ശാസ്ത്രജ്ഞന്മാരും വിദഗ്ധരും മറുപടി നൽകിയത്രേ.

കേന്ദ്രത്തിന്റെ ശാസ്ത്രീയമല്ലാത്തതും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമായ വാദങ്ങൾ ലേഖനങ്ങളായി എഴുതിയാൽ, അതിന് സ്വീകാര്യത കിട്ടില്ലെന്നും വിദഗ്ധർ പറഞ്ഞുവത്രേ. കേന്ദ്രത്തിന്റെ കയ്യിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ ഉണ്ടെങ്കിൽ അത് പുറത്തുവിടുകയാണ് ചെയ്യേണ്ടത്, അതിന് പകരം നിഴൽയുദ്ധം നടത്തുകയല്ല വേണ്ടത് എന്നും ചിലർ തുറന്നടിച്ചതായാണ് ‘ദി ന്യൂസ് മിനുട്ട്’ പറയുന്നത്.

കൊടും ചതി! കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. നൂറുകണക്കിന് രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിൽ...

Posted by MB Rajesh on Tuesday, August 6, 2024

ദുരന്തത്തിൽ ഒരു നാട് വിറങ്ങലിച്ചുനിൽക്കുമ്പോഴാണ് കണ്ണിൽച്ചോരയില്ലാതെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി, നൽകിയ മുന്നറിയിപ്പുകൾ കേരളം അവഗണിച്ചുവെന്ന അവാസ്തവം പാർലമെന്റിൽ പറഞ്ഞത്. കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് രേഖകൾ സഹിതം ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും പുറത്തുകൊണ്ടുവരികയും ചെയ്തു.

അപ്പോഴാണ് കള്ളം സ്ഥാപിക്കാൻ ആളുകളെ വിലയ്ക്കെടുക്കാൻ കേന്ദ്രം ശ്രമിച്ചത്. എത്ര ഹൃദയശൂന്യരാണ് ഇവർ? ഒരു നാട് മുഴുവൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും മോചിതരാകുന്നതിന് മുൻപ്, ദുരന്തത്തിന് ഇരയായ ജനതയ്ക്ക് എതിരെ ഉപജാപങ്ങളിൽ ഏർപ്പെടാൻ ഇവർക്കല്ലാതെ മറ്റാർക്കാണ് കഴിയുക? പ്രളയം വന്നപ്പോൾ നൽകിയ അരിയ്ക്കും, രക്ഷാപ്രവർത്തനത്തിന് അയച്ച ഹെലികോപ്റ്ററിന്റെ വാടകയുമെല്ലാം കണക്കുപറഞ്ഞ് വാങ്ങിയ ഷൈലോക്കുമാരാണ് ഇവർ.

കേരളത്തെ സഹായിക്കാൻ മറ്റ് രാജ്യങ്ങൾ മുന്നോട്ടുവന്നപ്പോൾ അത് തട്ടിത്തെറിപ്പിച്ചവരും ഇവരാണ്. ഇവരിൽ നിന്ന് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം. നാം കരുതിയിരിക്കണം.

വാൽക്കഷ്ണം- ഈ ഞെട്ടിക്കുന്ന വാർത്തയുടെ ഗൌരവം തിരിച്ചറിഞ്ഞ് മലയാള മാധ്യമങ്ങൾ ഒന്നടങ്കം ഈ വിഷയം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisment