കോഴിക്കോട്: വർഗീയ ശക്തികൾ പിന്നിലുണ്ടെന്ന് കരുതി നാക്ക് വാടകയ്ക്ക് കൊടുത്ത് എന്തും വിളിച്ചുപറയാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എ.കെ.ജി. ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിന്റെ നിയമസഭാ പാർട്ടി അംഗമല്ലെന്ന് അൻവർ പരസ്യമായി പറഞ്ഞു. ഏത് ഭാഗമാണെന്ന് പിന്നീട് അദ്ദേഹം തീരുമാനിക്കും. അൻവർ മുന്നേ ഉന്നയിച്ച ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളഞ്ഞില്ല. ആരോപണങ്ങൾ ഗൗരവത്തിൽ എടുത്തു. ആരോപണങ്ങളുടെ പിന്നിലെ ഉദ്ദേശം എന്തെന്ന് പരിശോധിക്കാൻ പോയില്ലെന്ന് പിണറായി വ്യക്തമാക്കി.
പരിശോധിക്കാൻ സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ടീമിനെ നിയമിച്ചു. ആ ടീമിന്റെ പരിശോധന ഒരുമാസം കൊണ്ട് പൂർത്തിയാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടികളിലേക്ക് കടക്കും.
ഇതാണ് സർക്കാർ സ്വീകരിച്ച നിലപാട്. റിപ്പോർട്ട് വരട്ടെ, വന്നതിന് ശേഷം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടികളിലേക്ക് കടക്കും. അതിന് മുൻപു തന്നെ പ്രത്യേക അജണ്ടയുമായി അദ്ദേഹം രംഗത്തിറങ്ങി. അതിനു പിന്നിലെ താൽപര്യത്തെക്കുറിച്ച് താനിപ്പോൾ പറയുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.